Wonder World
Trending

മലപ്പുറം ജില്ലയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ – 2

ഒന്നാം ഭാഗത്ത്​ മലപ്പുറം നഗരത്തോട്​ ചേർന്നതും സമീപ പ്രദേശത്തുള്ളതുമായ സഞ്ചാര കേന്ദ്രങ്ങളെയാണ്​ പരിചയപ്പെടുത്തിയത്​. എന്നാൽ, ഇത്തവണ നമ്മൾ പരിചയപ്പെടുത്തുന്നത്​ മലപ്പുറം ജില്ലയുടെ ( Malappuram District ) മറ്റു ഭാഗങ്ങളിലുള്ള അടിപൊളി സ്ഥലങ്ങളാണ്​ ( tourist place in malappuram )​. അതിൽ പ്രധാനമായും വരുന്നത്​ മലയയോര മേഖലയും വനവുമാണ്​. മലയയോര മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളാണ്​ ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്​.

നിലമ്പൂർ – Nilambur Tourism Places

മലപ്പുറത്തിന്‍റെ ഹരിത ഭൂമിയാണ്​ നിലമ്പൂർ ( Nilambur ). തേക്കിന്‍റെ നാട്​ എന്നാണ്​ അറിയപ്പെടുന്നത്​. പശ്ചിമഘട്ടത്തോ​ട്​ ചേർന്നുനിൽക്കുന്ന നിലമ്പൂരിൽ അനവധി കാഴ്​ചകളാണുള്ളത്​. അതിലൂടെ നമുക്കൊന്ന്​ ഓടിച്ചുപോകാം. മലപ്പുറം ജില്ലയുടെ കിഴക്ക്​ ഭാഗത്തായിട്ട്​ തമിഴ്​നാട്​ അതിർത്തിയോട്​ ചേർന്നാണ്​ നിലമ്പൂരുള്ളത്​. മലപ്പുറത്തുനിന്ന്​ 30 കിലോമീറ്റർ ദൂരമുണ്ട്​ നിലമ്പൂരിലേക്ക്​. ചാലിയാർ പുഴ ( chaliyar river ) നിലമ്പൂരിനെ തഴുകിയാണ്​ കടന്നുപോകുന്നത്​.

ഷൊർണൂരിൽനിന്ന്​ നിലമ്പൂർ വരെയുള്ള ട്രെയിൻ സർവീസ് ( shoranur nilambur train )​ ഏറെ പ്രശസ്തമാണ്​. തനി ഗ്രാമീണ കാഴ്ചകളിലൂടെയാണ്​ ഈ ​ട്രെയിൻ പോകുന്നത്​. വള്ളുവനാടിന്‍റെയും ഏറനാടിന്‍റെയും ഗ്രാമീണ ഭംഗി ഈ യാത്രയിൽ ആസ്വദിക്കാം.

അതേസമയം, ട്രെയിൻ യാത്രയേക്കാൾ ഉപരി ഗ്രാമങ്ങളിലൂടെ ട്രെയിൻ കടന്നുപോകുന്നത്​ കാണാനാണ്​ ഏറെ ചന്തം. ബ്രിട്ടീഷുകാരുടെ കാലത്ത്​ നിർമിച്ച പാലങ്ങൾക്ക്​ മുകളിലൂടെയാണ്​ ട്രെയിൻ കടന്നുപോകുന്നത്​. അതൊന്നും ട്രെയിൻ യാത്രയിൽ നമുക്ക്​ കാണാനാകില്ല. പെരിന്തൽമണ്ണക്ക്​ സമീപം വലമ്പൂരിലുള്ള അഞ്ചുകണ്ണി പാലം ഇത്തരത്തിൽ ഒന്നാണ്​. അങ്ങാടിപ്പുറം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ ഒരു കിലോമീറ്റർ മാറി പട്ടിക്കാട്​ സ്​റ്റേഷന്​ മുമ്പായിട്ടാണ്​ ഈ പാലമുള്ളത്​. ഷൊർണൂർ – നിലമ്പൂർ ട്രെയിനിന്‍റെ സമയക്രമങ്ങൾ ഈ ലേഖനത്തിന്‍റെ അവസാനമുണ്ട്​. ഇതിന്​ പുറമെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ കെഎസ്​ആർടിസി ബസുകൾ നിലമ്പൂരിലേക്ക്​ സർവീസ്​ നടത്തുന്നുണ്ട് (ksrtc nilambur – 04931 223 929)​.

Tourist place in malappuram

കനോലി ​പ്ലോട്ട്​ ( Conolly’s Plot )

നിലമ്പൂരിലെത്തിയാൽ നിർബന്ധമായും കാണേണ്ട കാഴ്ചയാണ്​ കനോലി ​പ്ലോട്ട്​. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത തേക്കിൻ തോട്ടങ്ങളി​ൽ ഒന്നാണിത്​. ബ്രിട്ടീഷ്​ ഭരണകാലത്ത്​ മലബാർ ജില്ല കലക്ടർ ആയിരുന്ന എച്ച്​.വി. കനോലിയിൽനിന്നാണ്​ ഈ പേര്​ ലഭിക്കുന്നത്​. അദ്ദേഹമാണ്​ ഇവിടെ തേക്ക്​ തോട്ടം നിർമിക്കാൻ നിർദേശം നൽകിയത്​.

1840കളിൽ തോട്ടം ഒരുക്കി​. ചാലിയർ പുഴ കടന്നുവേണം ഇവിടേക്ക്​ എത്താൻ. നേരത്തെ പുഴ കടക്കാൻ തൂക്കുപാലം ഉണ്ടായിരുന്നു. എന്നാൽ, 2018ൽ പ്രളയത്തിൽ ഈ പാലം തകർന്നു. ഇപ്പോൾ ബോട്ടിലാണ്​ പോകാനാവുക. 420 സെന്‍റീമീറ്റർ വണ്ണമുള്ള തേക്ക്​ ഇവിടെയുണ്ട്​. ലോകത്തിലെ തന്നെ ഏറ്റവും വണ്ണമുള്ള തേക്കുകളിൽ ഒന്നാണിത്​. തിങ്കളാഴ്ച സന്ദർശകർക്ക്​ പ്രവേശനമില്ല.

nedumkayam bridge
നെടുങ്കയത്ത്​ ബ്രിട്ടീഷുകാർ നിർമിച്ച പാലം

നിലമ്പൂർ കോവിലകം

നിലമ്പൂർ രാജകുടുംബത്തിന്‍റെ താമസ കേന്ദ്രമായിരുന്നു നിലമ്പൂർ കോവിലകം ( Nilambur kovilakam ). നഗരത്തിനോട്​ ചേർന്നാണ്​ കോവലികമുള്ളത്​. കോട്ട പോലുള്ള കവാടം കടന്നുവേണം കോവിലകം വളപ്പിലേക്ക്​ കടക്കാൻ. ചെറുതും വലുതുമായ ധാരാളം വീടുകൾ ഇവിടെയുണ്ട്​. എല്ലാം തനി കേരളീയ ആർകിടെക്​ചർ രീതിയിൽ നിർമിച്ചവ. ഏകദേശം 200 വർഷങ്ങൾക്ക്​ മുമ്പാണ്​ കോവിലകം നിർമിക്കുന്നത്​. കൊത്തുപണികളാൽ സമ്പന്നമാണ്​ ഇവ. കുടുംബ ക്ഷേത്രവും ഇവിടെയുണ്ട്​. ഇവിടെ വർഷം തോറും ഉണ്ടാകാറുള്ള നിലമ്പൂർ പാട്ടുത്സവം നാടിന്‍റെ ആഘോഷം കൂടിയാണ്​.

നിലമ്പൂർ കോവിലകത്തിൽനിന്ന്​ ഒരു കിലോമീറ്റർ മാറിയാണ്​ ബംഗ്ലാവ്​ കുന്നുള്ളത്​. 1928ൽ നിർമിച്ച ബംഗ്ലാവ്​ ഇവിടെ കാണാം. ആദ്യകാലത്തെ ഡി.എഫ്​.ഒ ഓഫിസായിരുന്നു ഇത്​. ഇതിനോട്​ ചേർന്ന്​ ഇപ്പോൾ സ്​കൈവൾക്ക്​ ബ്രിഡ്​ജ് ( Skydive bridge nilambur )​ ആരംഭിച്ചിട്ടുണ്ട്​. മരങ്ങൾക്ക്​ മുകളിലൂടെ പാലത്തിൽ നടക്കുന്ന അനുഭവമാണ്​ ഇത്​ സമ്മാനിക്കുക. നിലമ്പൂർ ചന്തക്കുന്ന്​ അങ്ങാടിയിൽ ബസ്​സ്റ്റാൻഡിന്​ എതിർവശത്തുള്ള റോഡിലൂടെയാണ്​ ഇവിടേക്ക്​ പോവുക.

തേക്ക്​ മ്യൂസിയം (Nilambur teak museum)

നിലമ്പൂർ ടൗൺ കഴിഞ്ഞിട്ടാണ്​ തേക്ക്​ മ്യൂസിയമുള്ളത്​. ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക്​ മ്യൂസിയമാണിത്​. കൂടാതെ ഇന്ത്യയിൽ ഇത്​ മാത്രമേയുള്ളൂ. തേക്കിനെക്കുറിച്ചുള്ള ശാസ്ത്രീയവും പ്രകൃതിദത്തവുമായ സകല വിവരങ്ങളും ഇവിടെ ലഭിക്കും. പറമ്പിക്കുളം ടൈഗർ റിസർവിലുള്ള പഴക്കം ചെന്ന തേക്കിന്‍റെയും മലയൂറ്റൂർ കാട്ടിലെ ഉയരം കൂടിയ തേക്കിന്‍റെയും മാതൃക ഇവിടെയുണ്ട്​. തേക്ക് തോട്ടങ്ങളിൽ കാണപ്പെടുന്ന 300-ലധികം ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, പ്രാണികൾ എന്നിവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്. മുള കൊണ്ട്​ നിർമിച്ച കുടിലുകൾ, പാർക്ക്​ എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്​. രാവിലെ പത്ത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ പ്രവേശനം സമയം. 10 രൂപയാണ് ടിക്കറ്റ്​​ നിരക്ക്​.

നാടുകാണി ചുരം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ പാതകളിലൊന്നാണ്​ നാടുകാണി ചുരം ( Nadukani churam ). നിലമ്പൂരിനെയും തമിഴ്​നാടിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്​. പശ്ചിമഘട്ടത്തിലൂടെയാണ്​ ഈ പാത കടന്നുപോകുന്നത്​. ആനയടക്കമുള്ള വന്യജീവികൾ ഈ പാതയിൽ നിത്യ സന്ദർശകരാണ്​. നിലമ്പൂരിൽനിന്ന്​ വഴിക്കടവിലേക്ക്​ 17 കിലോമീറ്റർ ദൂരമുണ്ട്​. പിന്നീടങ്ങോട്ട്​ വനവും ചുരവും ആരംഭിക്കുകയാണ്​. ഈ പാതയിൽ ധാരാളം വ്യൂ പോയിന്‍റുകളുണ്ട്​. അതുപോലെ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. വഴിക്കടവിൽനിന്ന്​ 18 കിലോമീറ്റർ ദൂരമുണ്ട്​ തമിഴ്​നാട്ടിലെ നാടുകാണിയിലേക്ക്​. അതു​വരെയുള്ള കാഴ്ചകൾ ആരുടെയും മനം കീഴടക്കും. നാടുകാണിയിൽനിന്ന്​ വയനാട്ടിലേക്കും ഗൂഡല്ലൂർ വഴ ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കും യാത്ര പോകാം. ഈ വഴികൾ അതി​​മനോഹരമാണ്​.

ആഢ്യൻപാറ വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്​ ആഢ്യൻപാറ വെള്ളച്ചാട്ടം ( Adyanpara Waterfalls ). നിലമ്പൂരിൽനിന്ന് 14 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​.​ കക്കാടംപൊയിലേക്കുള്ള വഴിയിലൂടെ പോയി അകമ്പാടത്തുനിന്ന്​ വലത്തോട്ട്​ തിരിഞ്ഞുവേണം പോകാൻ. മലയോര മേഖലയിലൂടെയാണ്​ ഇവിടേക്കുള്ള യാത്ര. ധാരാളം പേരാണ്​ വെള്ളച്ചാട്ടത്തിൽ കുളിക്കാനായി എത്താറ്​. രാവിലെ പത്ത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ പ്രവേശന സമയം. ഇന്നിപ്പോൾ കെഎസ്​ഇബിയുടെ വൈദ്യുതി ഉൽപ്പാദനവും ഇവിടെ നടക്കുന്നുണ്ട്​.

tourist place in malappuram
ഓം കുരിശുമലയിലേക്കുള്ള വഴി

മലപ്പുറത്തിന്‍റെ ഹരിഹർ ഫോർട്ട്​

മഹാരാഷ്​ട്രയിലെ ഹരിഹർ ഫോർട്ട്​ എല്ലാ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്​. ഇതുപോലെയൊരു സ്ഥലം മലപ്പുറം ജില്ലയിലുമുണ്ട്​. ഓം കുരിശുമല ( om kurishumala ) എന്നാണ്​ ഇതിന്‍റെ പേര്​. കക്കാടംപൊയിലേക്കുള്ള ( Kakkadampoyil ) പാതയിൽ ഈ മല കാണാം. ഇവിടേക്ക്​ എത്തണമെങ്കിൽ ഇടിവണ്ണയിൽനിന്നാണ്​ തിരിഞ്ഞുപോകേണ്ടത്​. വാഹനം നിർത്തി സ്വകാര്യ വ്യക്​തിയുടെ റബർ എസ്​റ്റേറ്റിലൂടെ 100 മീറ്റർ നടക്കാനുണ്ട്​. കുത്തനെയുള്ള പാറയാണിത്​. പാറയുടെ മുകളിലേക്ക്​ ഏകദേശം 200 മീറ്റർ ദൂരമുണ്ട്​. അടി മുതൽ മുകൾ വരെ കയറിപ്പോകാൻ ചങ്ങലയുണ്ട്​. കുറച്ചധികം മനോധൈര്യം ഉള്ളവർക്കേ മുകളിലേക്ക്​ പോകാനാകൂ.

പാറക്ക്​ വീതി കുറവാണ്​ എന്നത്​ പലരെയും ഭയപ്പെടുത്തും. കൈവിടുകയോ കാൽ തെന്നിപ്പോവുകയോ ചെയ്താൽ താ​ഴേക്ക്​ പതിക്കും. പാറയുടെ ഏറ്റവും മുകളിൽ അത്യാവശ്യം വിശാലതയുണ്ട്​. രണ്ട്​ തട്ടുകളായിട്ടാണ്​ ഈ പാറയുള്ളത്​. മുകളിൽ കുരിശിന്‍റെയും ഓംമിന്‍റെയും രൂപമുണ്ട്​. വീശിയടിക്കുന്ന കാറ്റാണ്​ മുകളിൽ. നാല്​ ഭാഗത്തെയും കാഴ്ചകൾ ഇവിടെനിന്ന്​ കാണാം. നിലമ്പൂരിൽ ഒമ്പത്​ കിലോമീറ്ററാണ്​ ഇവിടേക്കുള്ള ദൂരം. ഇങ്ങോട്ടേക്കുള്ള വഴി സ്വകാര്യ വ്യക്​തിയുടേത്​ ആയതിനാൽ സഞ്ചാരികൾ സ്വയം സുരക്ഷ കരുതണം. അതേസമയം, ഡിടിപിസിക്ക്​ ഈ മല ഏറ്റെടുത്ത്​ മികച്ചൊരു ടൂറിസം കേന്ദ്രമാക്കാവുന്നതാണ്​.

കക്കാടംപൊയിൽ

മലബാറിന്‍റെ ഊട്ടിയെന്നാണ്​ കക്കാടംപൊയിൽ അറിയപ്പെടുന്നത്​. നിലമ്പൂരിൽനിന്ന്​ 23 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ധാരാളം സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്​. കോഴിപ്പാറ വെള്ളച്ചാട്ടം, കുരിശ്​ മല, പഴശ്ശി ഗുഹ എന്നിവയാണ്​ പ്രധാന ആകർഷകങ്ങൾ. അതുപോലെ നിലമ്പൂരിൽനിന്ന്​ വരു​മ്പോഴുള്ള മൂലപ്പാടം വെള്ളച്ചാട്ടം, വ്യൂ പോയിന്‍റ്​ എന്നിവയും സഞ്ചാരികളുടെ സെൽഫി സ്​പോട്ടാണ്​.

കോഴിപ്പാറ വെള്ളച്ചാട്ടതിന്​ സമീപമുള്ള ഫോറസ്റ്റ്​ ഓഫിസിൽനിന്ന്​ പഴശ്ശി ഗുഹയിലേക്ക് ( Pazhassi cave )​ ജീപ്പ്​ സർവീസുണ്ട്​. രണ്ട്​ മണിക്കൂർ യാത്രക്ക്​ 1500 രൂപയാണ്​ ചാർജ്​. ആറുപേർക്ക്​ പരമാവധി സഞ്ചരിക്കാം. For booking: 97448 45539, 90720 45539

ഇതിനെല്ലാം പുറമെ മലമുകളിലെ വ്യത്യസ്തമായ റിസോർട്ടുകളാണ്​ കക്കാടംപൊയിലിനെ കൂടുതൽ ആകർഷകമാക്കുന്നത്​. ഇൻഫിറ്റി പൂൾ അടക്കമുള്ള ധാരാളം റിസോർട്ടുകൾ ഇവിടെയുണ്ട്​.

tourist place in malappuram
കോഴിപ്പാറ വെള്ളച്ചാട്ടം

നിങ്ങൾക്ക്​ കാടിന്​ നടുവിൽ താമസിക്കണമെന്ന്​ ആഗ്രഹമുണ്ടെങ്കിൽ jungle valley resort ( contact: 96059 73270 ) തെരഞ്ഞെടുക്കാം. അതല്ല, ഇൻഫിറ്റി പൂൾ ഉള്ള റിസോർട്ട്​ വേണമെങ്കിൽ Pinnacle inn resrort (contact: 85938 77774) തെരഞ്ഞെടുത്തോളൂ.

നെടുങ്കയം (Nedumkayam)

നിലമ്പൂരിന്​ സമീപമുള്ള അതിമനോഹരമായ പ്രദേശമാണ്​ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം​. ​ഈ മഴക്കാടുകൾ അപൂർവ ആദിവാസികളുടെ ആവാസ കേന്ദ്രം കൂടിയാണ്​. ചോലനായ്ക്ക പോലുള്ള ആദിവാസി വിഭാഗങ്ങൾ ഇവിടെ താമസിക്കുന്നു. ഫോറസ്റ്റ്​ ചെക്ക്​പോസ്റ്റിൽനിന്ന്​ ടിക്കറ്റെടുത്ത്​ വനത്തിലൂടെ വാഹനത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിക്കാം. തുടർന്ന്​ ഒരു പാലത്തിന്​ സമീപത്തായി വാഹനം നിർത്തണം. ബ്രിട്ടീഷുകാരുടെ കാലത്ത്​ നിർമിച്ച പാലമാണിത്​. ചാലിയാറിന്‍റെ കൈവഴിയായ പാണ്ടിപ്പുഴയുടെ കുറുകെയാണ്​ പാലമുള്ളത്​.

വെള്ളം കുറവുള്ള സമയത്ത്​ പുഴയി​ലിറങ്ങി കുളിക്കാം​. പാലത്തിന്‍റെ അക്കരെ എത്തിയാൽ ആദിവാസി കോളനികൾ കാണാം. ഇവിടെ തന്നെയാണ്​ ഡോസൺ സായിപ്പിന്‍റെ ( ES Dawson) ശവകുടീരമുള്ളത്​. ബ്രിട്ടീഷുകാരനായ ഇ.എസ്​. ഡോസൺ 1922 മുതൽ ഇന്ത്യൻ ഫോറസ്റ്റ്​ എൻജിനീയറങ്​ സർവീസിലുണ്ടായിരുന്നു. 1938 ഒക്​ടോബറിൽ നെടുങ്കയം പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട്​ മുങ്ങിമരിക്കുകയായിരുന്നു. അദ്ദേഹമാണ്​ ഇവിടെ പാലം നിർമിച്ചത്​.

nedumkayam tomb
ഡോസൺ സായിപ്പിന്‍റെ ശവകുടീരം

നെടുങ്കയം വനവും ഈ പാലവും അദ്ദേഹത്തിന്​ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഡോസ​ൺന്‍റെ ഭാര്യയുടെ നിർദേശപ്രകാരമാണ്​ മൃതദേഹം ഇവിടത്തന്നെ സംസ്കരിച്ചത്​. നമ്മുടെ നാട്​ ബ്രിട്ടീഷ്​ ആധിപത്യത്തിന് ഏറെ നാൾ​ കീഴിലായിരുന്നു എന്നതിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണ്​ നെടുങ്കയത്തെ ഈ സ്മാരകം. നിലമ്പൂരിൽനിന്ന്​ 12 കിലോമീറ്ററാണ്​ നെടുങ്കയത്തേക്കുള്ള ദൂരം.

ചിങ്കക്കല്ല്​

മലപ്പുറം ജില്ലയിൽ അത്ര പ്രശസ്തമല്ലാത്ത ഒരിടമാണ്​ ചിങ്കക്കല്ല്​. എന്നാൽ, വലിയ ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണിത്​. മലപ്പുറം ജില്ലയിൽ നിർബന്ധമായും കാണേണ്ട കാഴ്ചകളെക്കുറിച്ചുള്ള ആദ്യ ഭാഗത്തിൽ, കോട്ടക്കുന്നിൽവെച്ച്​ മലബാർ സമര പോരാളി വാരിയൻകുന്നൻ കുഞ്ഞഹമ്മദ്​ ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ച്​ കൊന്ന സംഭവം പറഞ്ഞിരുന്നല്ലോ. അദ്ദേഹം അവസാന കാലഘട്ടത്തിൽ ഇവിടെയായിരുന്നു ഒളിച്ചുകഴിഞ്ഞിരുന്നത്​. ഇവിടെ വെച്ചാണ്​ ഇദ്ദേഹത്തെയും കൂട്ടാളികളെയും ബ്രിട്ടീഷ്​ പട്ടാളം പിടികൂടുന്നത്​.

പൂക്കോട്ടുംപാടത്തിന്​ സമീപത്തുള്ള ചോക്കാട്​ ആണ്​ ചിങ്കക്കല്ല്​ കോളനിയുള്ളത്​. ഇവിടേക്കുള്ള റോഡ്​ അതിമനോഹരമാണ്​. പാറ നിൽക്കുന്ന പ്രദേശം വനമേഖലയിലാണ്​. ഇവിടെ ആദിവാസി കോളനിയും വനംവകുപ്പിന്‍റെ ഓഫീസുമുണ്ട്​. വനംവകുപ്പിന്‍റെ ഓഫീസിനോട്​ ചേർന്ന്​ വാഹനം നിർത്തി 100 മീറ്റർ നടക്കണം പാറയുടെ അടുത്തേക്ക്​.

chinkakallu variamkunnan
ചിങ്കക്കല്ല്​ പാറ

ഭീമാകാരമായ പാറയാണ്​ ചിങ്കക്കല്ലി​ലേത്​. ഇതിന്​ സമീപത്തുകൂടി അരുവി ഒഴുകുന്നുണ്ട്​. പാറയുടെ അരികിലൂടെ ഒരു വഴി പോകുന്നത്​ കാണാം. ചിങ്കക്കല്ല്​ വെള്ളച്ചാട്ടത്തിലേക്കാണ്​​ ഇത്​ എത്തുന്നത്​. നിലമ്പൂരിൽനിന്ന്​ 18 കിലോമീറ്റർ ദൂരമുണ്ട്​ ചിങ്കക്കല്ലിലേക്ക്​.

കേരളാംകുണ്ട്​ വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ്​ കേരളാംകുണ്ട്​ . സോഷ്യൽമീഡിയയിലെല്ലാം ഇതിന്‍റെ ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്​. ഏകദേശം 30 ഉയരത്തിൽനിന്ന്​ വെള്ളത്തിലേക്ക്​ എടുത്തുചാടാം എന്നതാണ്​ ഇതിന്‍റെ പ്രത്യേകത. തെളിനീർ പോലത്തെ വെള്ളമാണിവിടെ. സൈലന്‍റ്​ വാലി ബഫർ സോണിന്‍റെ പരിധിയിൽപെട്ട പ്രദേശമാണിത്​. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടിലാണ്​ ഈ വെള്ളച്ചാട്ടമുള്ളത് ( Keralamkundu waterfalls location )​. നിലമ്പൂരിൽനിന്ന്​ 34ഉം മലപ്പുറത്തുനിന്ന്​ 47ഉം കിലോമീറ്റർ ദൂരമുണ്ട്​ കേരളാംകുണ്ടിലേക്ക്​. കരുവാകുണ്ടിൽ തന്നെയുള്ള മറ്റൊരു ടൂറിസം കേന്ദ്രമാണ്​ ചേറുമ്പ ഇക്കോ ടൂറിസ്റ്റ്​ വില്ലേജ്​. പുഴയുടെ തീരത്ത്​ ഒരുക്കിയ മനോഹരമായ പാർക്കാണിത്​. കുടുംബവുമൊത്ത്​ ഒന്നിച്ചിരിക്കാൻ പറ്റിയ സ്​ഥലമാണിത്​.

ചിങ്കക്കല്ല്​, കേരളാംകുണ്ട്​ എന്നിവിടങ്ങളിലേക്ക്​ വരുന്നവർക്ക്​ താമസിക്കാൻ പറ്റിയ ഇടമാണ്​ Great Hornbill Resorts. പൂക്കോട്ടുംപാടത്ത്​ വനത്തിനോട്​ ചേർന്നാണ്​ ഈ റിസോർട്ടുള്ളത്​. സ്വിമ്മിങ്​ പൂൾ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്​. contact no: 91427 97190.

കൊടികുത്തിമല

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരമാണ്​ പെരിന്തൽമണ്ണ ( Perinthalmanna ). ആശുപത്രികളുടെ നഗരം എന്ന വിശേഷണം കൂടിയുണ്ട്​ പെരിന്തൽമണ്ണക്ക്​. നഗരത്തിന്​ സമീപത്തെ അതിഗംഭീര ടൂറിസം സ്​പോട്ടാണ്​ കൊടികുത്തിമല ( Kodikuthimala). പെരിന്തൽമണ്ണ നഗത്തിൽനിന്ന്​ തന്നെ ഈ മല ദൃശ്യമാകും. പാലക്കാട്​ റോഡിലൂടെ സഞ്ചരിച്ച്​ അമ്മിനിക്കാട്ടുനിന്ന്​ വേണം കൊടുകുത്തി മലയിലേക്ക്​ പോകാൻ. മലയുടെ പകുതി ദൂരം മാത്രമേ വാഹനം പോകൂ.

പിന്നീട്​ മുകളിലേക്ക്​ നടന്നുവേണം എത്താൻ. വനംവകുപ്പിന്‍റെ കീഴിലാണ്​ ഈ പ്രദേശം. ഏതുസമയത്ത്​ വന്നാലും വീശിയടിക്കുന്ന കാറ്റാണ്​ നിങ്ങളെ സ്വാഗതം ചെയ്യുക. മലയുടെ ഏറ്റവും മുകളിലായി വാച്ച്​ ടവറുണ്ട്​. ഇവിടെനിന്ന്​ നോക്കിയാൽ പെരിന്തൽമണ്ണ നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം കാണാം.

kodikuthimala veiw point
കൊടികുത്തിമല

ഈയിടെ ധാരാളം വികസനങ്ങൾ കൊടികുത്തി മലയിൽ കൊണ്ടുവന്നിട്ടുണ്ട്​. വാച്ച്​ടവറെല്ലാം നവീകരിച്ച്​ മനോഹരമാക്കി​. മലകയറ്റം ആരംഭിക്കുന്ന സ്ഥലത്ത്​ ചെറിയ അരുവിയുണ്ട്​. മഴക്കാലത്ത്​ ഇവിടെ കുളിക്കാനാകും. പെരിന്തൽമണ്ണയിൽനിന്ന്​ 10 കിലോമീറ്റർ ദൂരമുണ്ട്​ കൊടുകുത്തി മലയിലേക്ക്​. അങ്ങാടിപ്പുറമാണ്​ അടുത്തുള്ള റെയിൽവേ സ്​റ്റേഷൻ.

Nilambur Shornur train timing

ഒമ്പത്​ ട്രെയിനുകളാണ്​ ഷൊർണൂരിൽനിന്ന്​ നിലമ്പൂരിലേക്ക്​ സർവീസ്​ നടത്തുന്നത്​. നില​മ്പൂരിലെ സ്​റ്റേഷന്‍റെ പേര്​ നിലമ്പൂർ റോഡ് എന്നാണ്​​. നഗരത്തിൽനിന്ന്​ ഒരൽപ്പം മാറിയാണ്​ സ്​റ്റേഷനുള്ളത്​. രാവിലെ സർവീസ്​ നടത്തുന്ന രാജ്യറാണി തിരുവനന്തപുരത്തുനിന്നാണ്​ യാത്ര ആരംഭിക്കുന്നത്​. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിൽ മാത്രമാണ്​ സ്​റ്റോപ്പുള്ളത്​. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്​ എന്ന സിനിമയിലെ ട്രെയിൻ രംഗങ്ങൾ ഷൂട്ട്​ ചെയ്തിട്ടുള്ളത്​ അങ്ങാടിപ്പുറത്തുവെച്ചാണ്​. കോട്ടയത്തുനിന്ന്​ വരുന്ന പാസഞ്ചറാണ്​ ഈ റൂട്ടിലൂടെ സർവീസ്​ നടത്തുന്ന മറ്റൊരു ദീർഘദൂര ട്രെയിൻ. ഈ ട്രെയിനിനും രണ്ട്​ സ്​റ്റോപ്പുകൾ മാത്രമാണ്​ ഇടയിലുള്ളത്​.

അതേസമയം, പാസഞ്ചർ ട്രെയിനുകൾക്ക്​ വാടാനാംകുറുശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്​, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവിടങ്ങളിൽ സ്​​റ്റോപ്പുണ്ട്​. അതിമനോഹരമാണ്​ ഈ റെയിൽ വേസ്​റ്റേഷനുകൾ. മരങ്ങൾ നിറഞ്ഞ ചെറുകര സ്​റ്റേഷൻ കാവ്യഭംഗി തുളുമ്പുന്ന സ്ഥലമാണ്​. മേലാറ്റൂർ സ്​റ്റേഷനിൽ ഗുൽമോഹർ പൂക്കൾ വീണ്​ ചുവന്ന നിറത്തിലായതിന്‍റെ ചിത്രങ്ങൾ 2020​ലെ കോവിഡ്​ കാലത്ത്​ ഏറെ വൈറലായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി വരെ ചിത്രങ്ങൾ പങ്കുവെച്ചു. ഈ റൂട്ടിലൂടെ കർണാടകയിലെ നഞ്ചൻഗോഡ്​ വരെ പാത ഒരുക്കണമെന്ന ആവ​ശ്യമുയരാൻ തുടങ്ങിയിട്ട്​ കാലമേറെയായി. ഇത്​ യാഥാർഥ്യമായാൽ മലപ്പുറം ജില്ലയുടെ ടൂറിസം രംഗത്ത്​ വലിയ വിപ്ലവമാണ്​ വരിക. നിലമ്പൂർ വനത്തിലൂടെയും വയനാടൻ മലനിരകളിലൂടെയുമാകും ഈ പാത കടന്നുപോവുക.

ട്രെയിൻ ഷൊർണൂരിൽനിന്ന്​ പുറപ്പെടുന്നതിന്‍റെയും നിലമ്പൂരിൽ എത്തുന്നതിന്‍റെയും സമയം:

shoranur nilambur train

1. 03.50 – 05.45 (Rajya rani experss)
2. 07.05 – 08.50 (Passanger)
3. 09.15 – 11.05 (Passanger)
4. 10.20 – 11.45 ( Kottayam – Nilambur express)
5. 11.35 – 13.10 (Passanger)
6. 15.00 – 16.40 (Passanger)
7. 17.10 – 18.55 (Passanger)
8. 17.55 – 19.33 (SRR NIL EXP SPL)
9. 19.20 – 21.20 (Passanger)

Nilambur road – Shornur trains

1. 07.00 – 08.45 (Passanger)
2. 09.10 – 10.55 (Passanger)
3. 11.25 – 13.05 (Passanger)
4. 14.45 – 16.25 (Passanger)
5. 15.10 – 16.40 (Nilambur – Kottayam express)
6. 17.05 – 18.22 (Nil PGT PASS Passanger)
7. 19.15 – 21.00 (Passanger)
8. 21.30 – 22.50 (Rajya Rani Express)

also read: മലപ്പുറം ജില്ലയിൽ നിർബന്ധമായും കാണേണ്ട ടൂറിസം കേ​ന്ദ്രങ്ങൾ – 1

Malik

Writer, Traveler and Automobile Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!