Expert

ഇത്​ ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്​; റോഡിലെ ഓരോ വരകളും ( Road Markings ) പരിചയപ്പെടാം

അപകടരഹിതമായ നിരത്തുകളാക​ട്ടെ നമ്മുടെ ലക്ഷ്യം

റോഡിൽ കാണുന്ന വ്യത്യസ്​തതരം വരകർ ( Road Markings ) എന്തിനാണെന്ന്​ നമ്മൾ എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ. പല വരകളുടെയും അർത്ഥം മിക്കവർക്കും അറിയില്ല എന്നതാണ്​ സത്യം. മര്യാദക്ക്​ ഹെൽമറ്റ്​ ഉപയോഗിക്കാനോ രാത്രി ഹെഡ്​ലൈറ്റ്​ ഡിം ചെയ്യാനോ സൗകര്യമില്ലാത്തവർ എങ്ങനെ ഈ റോഡ്​ മാർക്കിങ്ങുകളെ കുറിച്ച്​ ബോധവാൻമാരാകും. ഡ്രൈവിങ്​ സംസ്​കാരത്തിൻെറ കാര്യത്തിൽ വളരെയധികം പിന്നിലാണ്​ നമ്മുടെ നാട്​.

എല്ലാ വരകളും ഒന്നല്ല ( road markings )

വിവിധരതം road markings എന്താണെന്ന്​ വ്യക്​തമാക്കുകയാണ്​ Ajith buddy Malayalam എന്ന യൂട്യുബ്​ ചാനൽ. ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ നിമിത്തമായത്​ വിശ്വസഞ്ചാരിയായ സന്തോഷ്​ ജോർജ്​ കുളങ്ങരയാണ്​. അദ്ദേഹത്തിൻെറ ഒരു വിഡിയോയിൽ ഇത്തരം റോഡ്​ നിയമങ്ങളെക്കുറിച്ച്​ പറയുന്നുണ്ട്​. ‘ഈ ചിഹ്​നങ്ങൾ കണ്ടാൽ അത്​ഭുതപ്പെടും. നമ്മൾ വരയിട്ട്​ വെക്കും, ചിഹനങ്ങൾ വരച്ചുവെക്കും പക്ഷെ, ഇതിൻെറയൊന്നും അർത്ഥം ഒരാൾക്കും അറിയില്ല. ഈ വരകൾ കൊണ്ട്​ എന്ത്​ പ്രയോജനമാണുള്ളത്​. സ്​കൂൾ കാലം തൊട്ട്​ ഇവ കുട്ടികളെ പഠിപ്പിക്കണം’ -ഇതായിരുന്നു സന്തോഷ്​ ജോർജ്​ കുങ്ങളര പറഞ്ഞത്​.

റോഡിൻെറ ഭാഷയാണ്​ ഓരോ വരകളും മുന്നറിയിപ്പ്​ ബോർഡുകളുമെല്ലാം. ആ ഭാഗത്ത്​ എങ്ങനെ വണ്ടി ഓടിക്കണം, എ​ന്തെല്ലാം ചെയ്യരുത്​​ തുടങ്ങിയ കാര്യങ്ങൾ റോഡ്​ തന്നെ നമ്മോട്​ സംസാരിക്കുകയാണ്​. വെള്ള, മഞ്ഞ നിറങ്ങൾ ഉപയോഗിച്ചാണ്​​ സാധാരണ ലൈനുകൾ വരക്കാറ്​.

വെള്ളയേക്കാൾ ശക്​തമായ സന്ദേശമാണ്​ മഞ്ഞ കൊണ്ട്​ ഉദ്ദേശിക്കുന്നത്​. അതായത്​ മഞ്ഞ വര കണ്ടാൽ അത്​ എന്താണ്​ ഉദ്ദേശിക്കുന്നത്,​ അത്​ നമ്മൾ നിർബന്ധമായും പാലിച്ചിരിക്കണം​. ഏറെക്കാലം നമ്മുടെ രാജ്യം ബ്രിട്ടീഷ്​ ഭരണത്തിന്​ കീഴിലായതിനാൽ അവരിൽനിന്ന്​ കടമെടുത്ത ലൈനുകൾ തന്നെയാണ്​ ഇന്ത്യയിലും ഉപയോഗിക്കുന്നത്​. റോഡിൽ പ്രധാനമായും കാണുന്ന വരകളെ ( road markings ) ഇവിടെ പരിചയപ്പെടാം.

ബ്രോക്കൺ ലൈൻസ്​ ( Broken lines )

റോഡിന്​ നടുവിൽ ഇടവിട്ടുള്ള ലൈനുകളാണിത്​. ഇതാണ്​ നമ്മുടെ നാട്ടിൽ ധാരാളമുള്ളത്​. റോഡിൻെറ മധ്യഭാഗം ഇതാണെന്ന്​​ പറയുകയാണ്​ ഈ ലൈൻ. two way ട്രാഫിക്​ ഉള്ള റോഡുകളിൽ രണ്ട്​ വശത്തേക്കുള്ള വാഹനങ്ങളെ ഈ ലൈൻ വേർതിരിക്കുന്നു. എതിരെ വണ്ടിയില്ലെങ്കിൽ ഈ ലൈൻ ക്രോസ്​ ചെയ്​ത്​ മുന്നിൽ പോകുന്ന വാഹനത്തെ ​ഓവർടേക്ക്​ ചെയ്യാം. ഓവർടേക്ക്​ ചെയ്യു​േമ്പാൾ ഗിയർ ഡൗൺ ചെയ്​ത്​ വേഗത്തിൽ മറികടക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എതിർദിശയിൽ വാഹനം വരാൻ സാധ്യതയുണ്ട്​.

നാല്​, ആറ്​ വരി പാതകളിലും ഇവ കാണാം. ഇവിടെയും ഓരോ ട്രാക്കുകളും വേർതിരിക്കാൻ ഇത്​ ഉപയോഗിക്കുന്നു. ഏത്​ ഭാഗത്തേക്കാണ്​ മാറുന്നത്,​ അതിനനുസരിച്ച്​​ ഇൻഡിക്കേറ്റർ ഉപയോഗിക്കണം. മറ്റൊരു വാഹനം നമ്മളേക്കാൾ വേഗത്തിൽ വരുന്നില്ല എന്ന്​ സൈഡ്​ മിററുകളിലൂടെ ഉറപ്പുവരുത്തണം.

ഹസാർഡ്​ ലൈൻ ( Hazard line )

ബ്രോക്കൺ ലൈനുകളുടെ വലിപ്പം കൂടുകയും അവ തമ്മിലെ അകലം കുറയുകയും ചെയ്യുന്നതിനെ ഹസാർഡ്​ ലൈൻ എന്ന്​ പറയും. ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത് ചെറിയ​ വളവ്​ പോലുള്ള ശ്രദ്ധിക്കേണ്ട സ്​ഥലമാണ്​ വരുന്നതെന്നാണ്​.

road markings
ബ്രോക്കൺ ലൈനും അത്​ കഴിഞ്ഞ്​ വരുന്ന സിംഗിൾ സോളിഡ്​ ലൈനും. സൈഡ്​ വൈറ്റ്​ ലൈനും ചിത്രത്തിൽ കാണാം

സിംഗിൾ സോളിഡ്​ ലൈൻ ( Single solid line )

ഇടവിടാതെ നീളത്തിലുള്ള സിംഗിൾ ലൈനാണിത്​. ഹസാർഡ്​ ലൈനിൻെറ അടുത്ത ഘട്ടമാണിത്​. ഈ ലൈൻ മറികടക്കുകയോ ഒരിക്കലും ഓവർടേക്ക്​ ചെയ്യുകയോ ചെയ്യരുത്​. വീതി കുറഞ്ഞ തിരക്കുള്ള ഭാഗത്തും വളവുകളിലുമെല്ലാമാണ്​ ഇതുണ്ടാവുക.

ഡബിൾ സോളിഡ്​ ലൈൻ ( Double solid line )

സിംഗിൾ സോളിഡ്​ ലൈനിൻെറ അടുത്തഘട്ടമാണിത്​. നീളമേളറിയ രണ്ട്​ വരകൾ സമാന്തരമായി കടന്നുപോകുന്നു. ഈ​ ലൈൻ ഒരു കാരണവശാലും പാസ്​ ചെയ്യരുതെന്ന്​ ശക്​തമായിട്ടാണ്​​ ഇവിടെ പറയുന്നത്​. അതായത്​ ഇരട്ടി അപകടകരമാണിവിടം എന്നർഥം. two way റോഡുകളിലാണ്​ ഇവ കൂടുതലായി കാണുക. പ്രത്യേകിച്ചും വളവുകളിലും ടൗണുകളിലും.

ഡോട്ടഡ്​ – സിംഗിൾ ലൈൻസ്​ ( Doted – solid lines )

ഇവിടെ ഒരു ലൈൻ സോളിഡും തൊട്ടടുത്ത്​​ ഇടവിട്ട ചെറിയ വരയുമായിരിക്കും. ഈ ലൈനുകൾ പരസ്​പരം അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറിവരും. ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​, നമ്മുടെ ഭാഗത്ത്​ ഡോട്ടഡ്​ ലൈനും മറുഭാഗത്ത്​ സോളിഡ്​ ലൈനുമാണെങ്കിൽ നമുക്കവിടെ മറികടക്കാം എന്നും എതിവർശത്തുനിന്ന്​ വരുന്നവർക്ക്​ ഓവർടേക്ക്​ ചെയ്യാൻ പാടില്ല എന്നുമാണ്​. നമ്മുടെ സൈഡിലാണ്​ സോളിഡ്​ ലൈനെങ്കിൽ നമുക്കത്​ മറികടക്കാൻ സാധ്യമല്ല. എതിർദിശയിൽ​ വാഹനം വരു​​േമ്പാൾ അവർക്ക്​ അൽപ്പം സൈഡ്​ നൽകി മാന്യത കാണിക്കാം.

ലെഫ്​റ്റ്​ ആരോ ഇൻ ബ്രോക്കൺ ലൈൻസ്​ ( Left arrow in broken lines )

ബ്രോക്കൺ ലൈനിൻെറ ഇടയിൽ ഇടത്തോട്ട്​ അസ്​ത്രത്തിൻെറ ചിഹ്​നം ( arrow ) വരച്ചത്​ റോഡുകളിൽ കാണാം. ഇടത്തോട്ട്​ ഒതുക്കുക, അല്ലെങ്കിൽ നിങ്ങൾ ഓവർ​േടക്ക്​ ചെയ്യുകയാണെങ്കിൽ പെ​ട്ടെന്ന്​ നിങ്ങളുടെ ലൈനിലേക്ക്​ കയറുക തുടങ്ങിയ മുന്നറിയിപ്പാണ്​ ഇവിടെ നൽകുന്നത്​. ബ്രോക്കൺ ലൈൻ​ കഴിയാറാകു​​േമ്പാഴാണ്​ ഇവ കാണുക.

സ്​ട്രൈപ്​ഡ്​ മീഡിയൻ ( Striped median )

ഒരു ഏണിയുടെ രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക. രണ്ട്​ സോളിഡ്​ ലൈനുകളെ ചെറിയ വരകൾ കൊണ്ട്​ കൂട്ടിയോജിപ്പിച്ചിരിക്കുന്നു. റോഡുകളിൽ നാം കാണുന്ന ഡിവൈഡറിന്​ തുല്യമാണിത്​. ഡബിൾ സോളിഡ്​ ലൈനിൻെറ അടുത്ത ഘട്ടമാണിത്​. അപകട സാധ്യത വളരെ കൂടുതലായതിനാൽ ഒരു കാരണവശാലും ഇവി​ടെ ഓവർ​േടക്കിങ്ങിനെ കുറിച്ച്​ ചിന്തിക്കുക പോലും ചെയ്യരുത്​.

road markings
ഏണിയുടെ രൂപത്തിൽ റോഡിന്​ നടുവിലുള്ള സ്​ട്രൈപ്​ഡ്​ മീഡിയൻ

ചിലയിടങ്ങളിൽ സ്​ട്രൈപ്​ഡ്​ മീഡിയൻെറ വീതി വളരെ കൂടുതലായിരിക്കും. തുടർന്ന്​ ചെറിയൊരു ഒഴിഞ്ഞ ഭാഗമാകും വരിക. വലത്തോട്ട്​ മറ്റൊരു റോഡിലേക്ക്​ തിരിയുന്ന വാഹനങ്ങൾക്ക്​ കാത്തുനിൽക്കാനുള്ള ഭാഗമാണിത്​. അതുപോലെ പോക്കറ്റ്​ റോഡിൽനിന്ന് പ്രധാന റോഡിലേക്ക്​​ കയറിവരുന്ന വാഹനങ്ങളും ഇവിടെ കാത്തുനിൽപ്പുണ്ടാകും. അതിനാൽ ഒരു കാരണവശാലും സ്​​ട്രൈപ്​ഡ്​ മീഡിയൻ ​ക്രോസ്​ ചെയ്യാൻ പാടില്ല.

യെല്ലോ സ്​ട്രൈപ്​ഡ്​ മീഡിയൻ ( Yellow striped median )

ചിലയിടങ്ങളിൽ സ്​​ട്രൈപ്​ഡ്​ മീഡിയൻ മഞ്ഞ നിറത്തിലാകും. ഇവിടെ ഇരട്ടി ശക്​തമായ​ മുന്നറിയിപ്പാണ്​​. ഇവിടങ്ങളിൽ സ്​പീഡ്​ കുറക്കുക, മുന്നിലെ വാഹനത്തിൽനിന്ന്​​ അകലം പാലിക്കുക എന്നിവ നല്ലതാണ്​. ഒരിക്കലും ഈ ലൈനുകൾ​ മറികടക്കരുത്​.

സിംഗിൾ, ഡബിൾ സോളിഡ്​ യെല്ലോ ലൈനുകൾ ( Single, double solid yellow lines )

ഡബിൾ സോളിഡ്​ ലൈനിന്​ തുല്യമാണ്​ ഒരു സിംഗിൽ സോളിഡ്​ യെല്ലോ ലൈൻ. ഒരു കാരണവശാലും അത്​ പാസ്​ ചെയ്യാൻ പാടില്ല. പാലങ്ങളിലാണ്​ ഇവ കൂടുതൽ ഉണ്ടാകുക. അതുപോലെ ഡബിൾ സോളിഡ്​ യെല്ലോ ലൈൻ സ്​ട്രൈപ്​ഡ്​ മീഡിയന്​ തുല്യമാണ്​. ഇവയും അധികം വീതികുറഞ്ഞ പാലങ്ങളിലാണ്​ കാണാറ്​.

സിഗ്​സാഗ്​ ലൈൻ ( Zigzag line )

റോഡിൽ കാണുന്ന വളഞ്ഞുപുളഞ്ഞ ലൈനുകളാണിത്​. വാഹനങ്ങൾ വേഗത കുറക്കാനുള്ള നിർദേശമാണിത്​. സീബ്ര ​​ക്രോസിങ്, ജംഗ്​ഷൻ എന്നിവ​ അടുത്തുണ്ട്​ എന്നാണ്​ ഉദ്ദേശിക്കുന്നത്​. ഇത്​ കണ്ടാൽ വാഹനം ഓവർടേക്ക്​ ചെയ്യാൻ പാടില്ല. മുന്നിലെ വാഹനം വേഗത കുറച്ചാൽ പോലും ഓവർടേക്ക്​ ചെയ്യരുത്​. റോഡിന്​ നടുവിലും സൈഡിലുമെല്ലാം ഈ സിഗ്​സാഗ്​ ലൈനുകൾ കാണാം.

സൈഡ്​ വൈറ്റ്​ ലൈൻ ( Side white line )

റോഡിൻെറ അതിര്​ അറിയാനുള്ളതാണിത്​. വീതിയുള്ള റോഡിൻെറ വശത്ത്​ കുറച്ച്​ ഇടവിട്ടായിരിക്കും ഇതുണ്ടാകുക. ഈ ഭാഗത്ത്​ ആളുകൾക്ക്​ നടക്കാം, സൈക്കിൾ ലൈനായിട്ടും ഉപയോഗിക്കാം. പാർക്കിങ്ങും അനുവദനീയം​.

സൈഡ്​ യെല്ലോ ലൈൻ ( Side yellow line )

റോഡിൻെറ അറ്റത്തുള്ള സോളിഡ്​ ലൈൻ മഞ്ഞയായി കഴിഞ്ഞാൽ നോ പാർക്കിങ്​ ആയി മാറും. ചെറിയ വളവുകളിലാകൂം ഇതുണ്ടാകുക. അത്യാവശ്യത്തിന്​ വേണമെങ്കിൽ ഇതിലൂടെ വാഹനം ഓടിക്കാം.

സ്​ട്രൈപ്​ഡ്​ സൈഡ്​ ( Striped side )

ഏണിയുടെ രൂപത്തിലുള്ള സ്​ട്രൈപ്​ഡ്​ മീഡിയൻ റോഡിൻെറ സൈഡിലാണെങ്കിൽ അവിടെ വാഹനങ്ങൾക്ക്​ ഒന്നും ചെയ്യാൻ പാടില്ല. ഇതൊരു ഫൂട്ട്​പാത്തായിട്ടാണ്​ കണക്കാക്കുന്നത്​. ഇതിലൂടെ വാഹനം ഓടിക്കാനോ പാർക്ക്​ ചെയ്യാനോ പാടില്ല. അതേസമയം സൈക്കിളുകാർക്ക്​ ഉപയോഗിക്കാം. വളരെ അപകടകരമായ വളുവകളിലായിരിക്കും ഇതുണ്ടാവുക. അല്ലെങ്കിൽ വാഹനം പാർക്ക്​ ചെയ്​ത്​ കഴിഞ്ഞാൽ തിരിക്ക്​ കൂടാൻ സാധ്യതയുള്ള കവലകളിൽ.

zebra line
സീബ്രാ ലൈനിന്​ മുന്നിൽ വാഹനം നിർത്താനുള്ള ക്രോസ്​ഡ്​ ലൈൻ

ക്രോസ്​ഡ്​ ലൈൻ ( crossed line )

റോഡിൻെറ കുറുകെ ലൈൻ വന്നാൽ അത്​ നിർത്താനുള്ള മുന്നറിയിപ്പാണ്​. ഇതിന്​ അടുത്തായി stop എന്നും എഴുതിവെച്ചിട്ടുണ്ടാകും. സീബ്രാ ക്രോസിങ്​, ജംഗ്​ഷനിലെ സിഗ്​നൽ എന്നിവിടങ്ങളിൽ ഇത്​ കാണാം. ഈ ലൈനിൻെറ തൊട്ടുമുമ്പ്​ നിർത്തണം. സീബ്രാ ക്രോസിങ്ങിൽ ആരും ഇല്ലെങ്കിൽ നിർത്തേണ്ടതുമില്ല.

road markings
ഗിവ്​ വേ ലൈൻ ടു റൈറ്റ്​

ഗിവ്​ വേ ലൈൻ ടു റൈറ്റ്​ ( Give way line to right )

പോക്കറ്റ്​ റോഡിൽനിന്ന്​ ഒരു പ്രധാന റോഡിലേക്ക്​ കയറു​േമ്പാൾ കാണുന്ന ഡോട്ടഡ്​ ലൈനിന്​ ഗിവ്​ വേ ലൈൻ ടു റൈറ്റ്​ എന്നാണ്​ പറയുന്നത്​. ഇതുകൊണ്ട്​ ഉദ്ദേശിക്കുന്നത്​, മെയിൻ റോഡിലെ വലതുവശത്തുനിന്ന്​​ ഈ റോഡിലേക്ക്​ കയറുന്ന വാഹനങ്ങൾക്ക്​​ പോക്കറ്റ്​ റോഡിലുള്ളവർ വഴി കൊടുക്കണം എന്നാണ്​. അതായത്​ വലതുവശത്തുനിന്ന്​ വാഹനം വരുന്നുണ്ടെങ്കിൽ അതിനെ കടത്തിവിട്ടിട്ട്​ വേണം പോക്കറ്റ്​ റോഡിലുള്ളവർ മെയിൻ റോഡിലേക്ക്​ കയറാൻ.

ഗിവ്​ വേ ലൈൻ ടു സൈഡ്​ഡ്​ ( Give way line to sides )

റോഡിന്​ നടുവിലുള്ള ഡബിൾ ഡോട്ടഡ്​ ലൈനാണിത്​. ജംഗ്​ഷനുകളിലാണ്​ ഇതുണ്ടാകാറ്​. ഈ ലൈൻ കണ്ടാൽ പോക്കറ്റ്​ റോഡിൽനിന്ന്​ വരുന്നവർ രണ്ട്​ വശത്തേക്കും നോക്കി വാഹനം ഇല്ലെങ്കിൽ മാത്രം മെയിൻ റോഡിലേക്ക്​ കയറുക.

യെല്ലോ ബോക്​സ്​ ജംഗ്​ഷൻ ( Yellow box junction )

റോഡിന്​ നടുവിൽ മഞ്ഞ നിറത്തിൽ വലയുടെ രൂപത്തിലുള്ള വലിയ ബോക്​സാണിത്​. റൗണ്ട്​ എബൗട്ട്​ ഇല്ലാത്ത, എന്നാൽ ജംഗ്​ഷനുള്ളതുമായ സ്​ഥലത്താണ്​ ഇത്​ വരക്കുക. ഈ ബോക്​സിനുള്ളിൽ ട്രാഫികിന്​ തടസ്സമുണ്ടാകുന്ന രീതിയിൽ വാഹനം നിർത്താൻ പാടില്ല. പാസ്​ ചെയ്​ത്​ പോകാൻ കഴിയുമെങ്കിൽ മാത്രമേ ബോക്​സിലേക്ക്​ വാഹനം കയറ്റാൻ പാടുള്ളൂ. അല്ലാത്തപക്ഷം മറ്റുള്ള വാഹനങ്ങൾ കടന്നുപോയ ശേഷം മാത്രം കയറുക.

zebra line and yellow box junction
സീബ്രാ ലൈനും യെല്ലോ ബോക്​സ്​ ജംഗ്​ഷനും

സീബ്രാ ലൈനുകൾ ( Zebra line )

ആളുകൾക്ക്​ റോഡ്​ മുറിച്ചുകടക്കാനുള്ള ഭാഗമാണിത്​. ഇവിടെ ആളുകൾ നിൽക്കുന്നുണ്ടെങ്കിൽ വാഹനം നിർത്തികൊടുക്കണം. വിദേശ രാജ്യങ്ങളിൽ സീബ്രാ ലൈനുകളിലുടെയല്ലാത്ത റോഡ്​ ​​ക്രോസിങ്ങിന്​ വലിയ പിഴ നൽകേണ്ടി വരും.

റംബിൾ സ്​ട്രിപ്​സ്​ ( Rumble strips )

ദേശീയപാതകളിൽ സ്​ഥിരമായി കാണുന്ന വരകളാണിത്​. റോഡിന്​ കുറുകെ ഒരുപാട് ചെറിയ​ ലൈനുകൾ വരച്ചുവെച്ചിട്ടുണ്ടാകും. രണ്ട്​ കാര്യങ്ങളാണ്​ ഇതുകൊണ്ടുള്ളത്​. ചെറിയ കനത്തിലായിരിക്കും ഈ വരകൾ. ഇവിടെ എത്തു​േമ്പാൾ വേഗത കുറക്കണ​മെന്നാണ്​ ഒരു കാര്യം.

മറ്റൊന്ന്​ ദീർഘദൂര യാത്രയിൽ, പ്രത്യേകിച്ച്​ രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത്​ തടയാൻ ഇത്​ സഹായിക്കും. അമിതവേഗതയിൽ ഇതിൻെറ മുകളിലൂടെ പോയാൽ നല്ല കുലുക്കം അനുഭവപ്പെടും. ഇതുവഴി ഏതൊരു ഡ്രൈവറും അർധമയക്കത്തിൽനിന്ന്​ ഉണരും.

rumble strips
റംബിൾ സ്​ട്രിപ്​സ്

അപ്പോൾ ഈ ലൈനുകൾ വഴി ​പറയുന്ന റോഡിൻെറ ഭാഷ ശ്രദ്ധിച്ച്​ യാത്ര പോകാം. അപകടരഹിതമായ നിരത്തുകളാക​ട്ടെ നമ്മുടെ ലക്ഷ്യം.

വിവരങ്ങൾ കടപ്പാട്​: Ajith Buddy Malayalam

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!