Speed Track

2020 ഹ്യുണ്ടായ്​ i20 – മാറ്റങ്ങളേറെ, ഫീച്ചേഴ്​സുകളും

ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയുടെ തലവര മാറ്റിയ കാറാണ് ഐ20

കൊറിയൻ ( Korean ) വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിൽ ( Hyundai ) നിന്നും 2008 ൽ പുറത്തിറങ്ങി ഇന്ത്യൻ ഹാച്ച്ബാക്ക് ( hatchback ) വിപണിയുടെ തലവര മാറ്റിയ കാറാണ് ഐ20 ( i20 ).

പ്രീമിയം ഹാച്ബാക്ക് എന്ന സെഗ്മെന്റ് തുടങ്ങിക്കൊണ്ടായിരുന്നു ഹ്യുണ്ടായ് ഗെറ്റ്സിന്റെ ( Getz ) പിൻഗാമിയായി ഐ20യുടെ വരവ്. ചെറിയ ഹാച്ച്ബാക്കുകളുടെയും എക്സിക്യൂട്ടീവ് സെഡാനുകളുടെയും ( executive sedans ) ഇടയിൽ നിലനിന്നിരുന്ന വിടവ് അതോടെ ഐ20 നികത്തി.

സെഡാൻ കാറുകൾക്ക് വലിയ വില ആയിരുന്നു എന്നതാണ് അന്നത്തെ പ്രധാന പ്രശ്‌നം. പക്ഷെ, എൻട്രി ലെവൽ  കാറുകളിൽ നിന്നും അപ്ഗ്രേഡ് ചെയ്യേണ്ടവർക്ക് മുന്നിൽ ഹ്യുണ്ടായ് ഐ20 എന്ന പുതിയ രൂപം അന്ന് അവതരിച്ചു, ഒപ്പം പ്രീമിയം ഹാച്ച് ബാക്ക് ( premium hatchbacks ) എന്ന സെഗ്മെന്റും. അങ്ങനെ ലക്ഷക്കണക്കിനാളുകളുടെ വിശ്വസ്തനായ സഹചാരിയായി മാറാൻ ഐ20യ്ക്ക് സാധിച്ചു.

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം മൂന്നാം തലമുറ ഐ20 നിരത്തുകളിലിറങ്ങിയപ്പോഴും വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​. ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്ന മൊഴി ആണ് പുതിയ ഐ20യുടെ വിപണിയിലെ കണക്കുകൾ കാണുമ്പോൾ മനസിലോടിയെത്തുക. പുതിയ ഐ 20 പുറത്തിറങ്ങി ഇരുപത് ദിവസം കൊണ്ട് തന്നെ ഇരുപതിനായിരം ബുക്കിങ്ങുകൾ!! ഇന്ത്യൻ വാഹന വിപണിയിലെ പുതിയ ചരിത്രത്തിലാദ്യമായിരിക്കും ഇത്.

സ്പോർട്ടി ഡിസൈൻ, പ്രീമിയം ഇന്റീരിയർ, അതി സുരക്ഷ, പ്രകടനക്ഷമതയേറിയ എൻജിൻ, അത്യാധുനിക ഫീചേഴ്സ് എന്നിങ്ങനെ എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്ന സവിശേഷതകളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവുമ്പോൾ വില്പനയുടെ എണ്ണത്തിൽ അതിശയോക്തി തോന്നേണ്ടതില്ലല്ലോ… കൂടുതൽ വിശേഷങ്ങളിലേക്ക്…

ഡിസൈൻ :

പഴയതിനേക്കാൾ  പ്രീമിയം ഫീൽ കൈവന്നിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും. പുതിയ വെർണയുടെ ( Verna ) അതേ രൂപഭംഗിയാണ് ഐ20 കാണുമ്പോഴും മനസ്സിലോടിയെത്തുക. ഹ്യുണ്ടായ്യുടെ ഗ്ലോബൽ ഡിസൈൻ തീമിലാണ് ഈ രണ്ടു കാറുകളുടെയും നിർമ്മിച്ചെടുത്തിട്ടുള്ളത് എന്നത് തന്നെയാണ് അതിനുകാരണം. രണ്ടാം തലമുറയെക്കാളും നീളവും വീതിയും വീൽബേസും വർദ്ധിച്ചിട്ടുണ്ടെങ്കിലും കാഴ്ചയിൽ ഈ വർദ്ധനവ് പ്രതിഫലിക്കുന്നില്ല.

വെർണയിൽ കണ്ട അതേ ഗ്രില്ല് ( grille ) കറുപ്പ് നിറത്തിൻെറ അകമ്പടിയോടെ കാറിൻെറ സ്പോർട്ടി ഫീൽ കൂട്ടുന്നു. പ്രായോഗികതയും മനോഹാരിതയും കൂടി ചേർന്നിട്ടുള്ളതാണ് പുതിയ എൽഇഡി ഹെഡ് ലാംപ് ഡിസൈൻ.

ലൈറ്റിന് മുകളിലൂടെ എൽഇഡി ഡി ആർ എൽ ( LED DRL – Daytime Running Lamp ) കടന്നുപോകുന്നുണ്ട്. ഷാർപ്പ് വരകളും വക്കുകളും, ബംമ്പറിനു താഴെ പിയാനോ ബ്ലാക്കിൽ തീർത്ത സ്കേർട്ടിങ് ( skirting ), ഫോഗ് ലാംപ് ( fog lamp ) എന്നിവയും കൂടെയാവുമ്പോൾ കവിതപോലെ മനോഹരമാണ് പുതിയ ഐ20യുടെ മുൻവശം എന്ന് പറയാം.

2020 hyundai i20 head lamp

16 ഇഞ്ചിൻെറ അതിമനോഹരമായ അലോയ് വീലുകളും ക്രോമിൽ ( chromium ) തീർത്ത ഡോർ ഹാൻഡിലുകളും കറുപ്പഴകിൽ നിൽക്കുന്ന പില്ലറുകളും ചെറിയ ക്ലാഡിങ്ങും ( cladding ) വിൻഡോ ലൈനിലൂടെ പോവുന്ന ക്രോം ഫിനിഷും വശക്കാഴ്ചയിലെ എടുപ്പ് വിളിച്ചോതുമ്പോൾ പിയാനോ ബ്ലാക്കിൽ പണികഴിപ്പിച്ച വിൻഡ്ഷീൽഡിന്റെ ഭാഗം, ഭംഗിയുള്ള എൽഇഡി ടെയിൽ ലാംപ്, ലൈറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ക്രോം ലൈൻ, ഷാർക്ക് ഫിൻ ആന്റിന എന്നിവ പിൻവശത്തെ മാറ്റുകൂട്ടുന്നു.

2020 hyundai i20 tail lamp

പ്രവർത്തനശൂന്യമെങ്കിലും പിന്നിൽ ബംബറിനു താഴെയുള്ള ഡിഫ്യൂസറുകൾ ( diffusers ) ഭംഗിയായിട്ടുണ്ട്. ഡിസൈൻ എലമെൻറ്​ മാത്രമായിട്ടാണ് ഹ്യുണ്ടായ് ഇത് നൽകിയിരിക്കുന്നത്. പിന്നിലും വൈപ്പറുകൾ ലഭ്യമാണ്.

എൻജിൻ & ട്രാൻസ്‌മിഷൻ :

മൂന്ന് എൻജിൻ വകഭേദങ്ങളിലും ( 3 engine options ) നാല് ട്രാൻസ്മിഷൻ വകഭേദങ്ങളിലുമായാണ് ( 4 transmission options ) 2020ലെ ഐ20 എത്തിയിട്ടുള്ളത്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ, 1 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. 5 സ്പീഡ് മാനുവൽൽ, 6 സ്പീഡ് ഐഎംടി ( IMT ), 7 സ്പീഡ് ഡി.സി.ടി ( DCT ), 6 സ്റ്റെപ് സി.വി.ടി ( CVT ) എന്നീ ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ ഉണ്ടെങ്കിലും ഡീസൽ വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്സ്‌ നൽകാതിരുന്നത് ഒരു വലിയ പോരായ്മയായിട്ട് കണക്കുകൂട്ടാം.

1 ലിറ്റർ എൻജിനാണ് കൂടുതൽ സ്പോർട്ടി ( sporty ). നിശബ്​ദമായ സ്മൂത്ത് റൈഡ് ആണ് i20 വാഗ്ദാനം ചെയ്യുന്നത്. ജർമൻ വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഗിയർബോക്സാണ് ഹ്യുണ്ടായ് ഈ കാറിൽ ഒരുക്കിയിട്ടുള്ളത്. ഗിയർ മാറുന്നതറിയുന്നതേയില്ല, അതും ഒട്ടും കരുത്ത് ചോരാതെ. 6000 rpm-ൽ 120 ps ആണ് ടർബോ എൻജിന്റെ കൂടിയ കരുത്ത് ( maximum power ).

ഇന്റീരിയർ :

2020 i20 steering wheel

മുഴുവൻ കറുപ്പിൽ തീർത്തിട്ടുള്ള പ്രീമിയം ഇൻറീരിയറാണ് ( interior ) പുതിയ ഐ20യിൽ കാണുന്നത്. യൂറോപ്യൻ ( European ) നിലവാരത്തിലുള്ള ഫിറ്റ് ആൻഡ് ഫിനിഷ് ആണ് ഉൾവശത്തെ ഹൈലൈറ്റ്. എങ്കിലും ഡാഷ്ബോർഡിലും ഡോർ പാഡിലും ഒക്കെ ചിലയിടത്തായി കൊടുത്തിട്ടുള്ള പ്ലാസ്റ്റിക് നിലവാരം ശരാശരി മാത്രമാണ്.

ആർട്ടിഫിഷ്യൽ ലെതർ ( artificial leather ) സീറ്റുകളാണ്. നല്ല ക്യൂഷ്യനും ( cushion ) സപ്പോർട്ടും ഉള്ള സീറ്റുകൾ. സീറ്റുകളിലെ ചുവപ്പ് തുന്നൽ ( red stitching ) സ്പോർട്ടി ഫീലിനോടൊപ്പം ക്ലാസ് ഫീലും നൽകുന്നു.

ഹ്യുണ്ടായ്​ വെന്യുവിലും ( venue ) , ക്രെറ്റയിലുമൊക്കെ ( creta ) കണ്ടിട്ടുള്ള അതേ മനോഹരമായ തുകൽ പൊതിഞ്ഞ സ്റ്റീയറിംഗ് വീലാണ് ( steering wheel ) ഐ20യിലും. സ്റ്റീയറിങ്ങിൻെറ ഉയരവും അകലവും ക്രമീകരിക്കാം. ഐ20യിലെ ഫുൾ ഡിജിറ്റൽ ഇൻസ്‌ട്രുമെൻെറ ക്ലസ്റ്റർ ബി എം ഡബ്ല്യു 3 സീരീസിനെ അനുസ്മരിപ്പിക്കുന്നു. ബി എം ഡബ്ല്യുയിൽ നിന്ന് കടമെടുത്ത ക്ലസ്റ്ററാണെന്ന് കരുതാം.

2020 i20 instrument cluster

തീർന്നില്ല, ഇൻഫോടൈൻമെൻറ്​ ഡിസ്പ്ലേയും ( infotainment display ) അതിനടിയിലെ ഓട്ടോ എ സി കൺട്രോളുകളും BMW കാറുകളെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഹ്യുണ്ടായ് ഡിസൈൻ ചെയ്തിട്ടുള്ളത്. പത്ത് ഇഞ്ചാണ് ഡിസ്പ്ലേയുടെ വലിപ്പം. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുണ്ട്.

ഏഴ് സ്പീക്കറുകൾ ഉള്ള വിഖ്യാതമായ ബോസിൻെറ മ്യൂസിക് സിസ്റ്റമാണ് ഈ കാറിൽ. ശബ്​ദനിലവാരത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലല്ലോ…

വിശാലം എന്നല്ല അതിവിശാലം എന്ന് തന്നെ പറയണം ഹ്യുണ്ടായ് ഐ20യുടെ ഉൾവശത്തെ. പിൻനിരയും അതിവിശാലമാണ്. മൂന്നുപേർക്ക് സുഖകരമായി ഇരുന്ന് യാത്ര ചെയ്യാം. ലെഗ് സ്പേസും  ഹെഡ് സ്പേസും ഇഷ്ടംപോലെ. കൂടാതെ പിൻ നിരയിലും എസി വെന്റ്, ചാർജിങ് പോർട്ട്‌ എന്നിവ നൽകിയിട്ടുണ്ട്.

ഫീചേഴ്സുകൾ :

ഹ്യുണ്ടായ്ടെ ജീവവായുവാണ് ഫീചേഴ്സുകൾ ( features ). ആയതിനാൽ ഫീച്ചേഴ്സ് ഇല്ലാത്ത ഹ്യുണ്ടായ് കാറുകൾ ഉണ്ടാവില്ലല്ലോ.

വയർലെസ് ഫോൺ ചാർജർ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലവ് ബോക്സ് ( cooled glove box ), മുന്നിലും പിന്നിലും യു എസ് ബി ചാർജിങ് പോയിന്റ്, പിന്നിൽ എസി വെന്റ്, ആമ്പിയൻറ്​ ലൈറ്റിങ്,

ഇവയൊന്നും കൂടാതെ ഹ്യുണ്ടായുടെ ബ്ലൂ ലിങ്ക് വഴി  അൻപതിലധികം കണക്ടിവിറ്റി ഫീചേഴ്‌സുകൾ എന്നിങ്ങനെ ഒരുപാട് ഫീചേഴ്സുകൾ ഐ20യിലും കുത്തിനിറച്ചിട്ടുണ്ട്.ക്ലസ്റ്ററിലെ ഫീചേഴ്സുകൾ വേറെയും. ടോപ് വേരിയന്റിൽ സൺ റൂഫും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ :

6 എയർബാഗുകൾ, വെഹിക്കിൾ സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ അസ്സിസ്റ്റ്‌, ഇലക്ട്രോണിക് ബ്രേക്ക്‌ ഡിസ്ട്രിബൂഷൻ, ABS, ESP, DRVM, ടയർ പ്രഷർ മോണിറ്ററിങ്, എമർജൻസി സ്റ്റാർട്ട്‌ സ്റ്റോപ്പ്‌ സിഗ്നൽ എന്നിങ്ങനെയാണ് ഐ20യിലൊരുക്കിയിട്ടുള്ള സുരക്ഷ സന്നാഹങ്ങൾ.

വിധി :

കാഴ്ചയിൽ മനോഹരം, ഇന്റീരിയറിലെ മികച്ച സ്ഥലസൗകര്യം, ഒരുപാട് ഫീചേഴ്സുകൾ, നൂതന സുരക്ഷാസംവിധാനങ്ങൾ, ഇന്ധനക്ഷമതയും പ്രകടനക്ഷമതയും ഒരുപോലെ നൽകുന്ന എൻജിൻ ഇതാണ് പുതിയ ഐ20. എന്തായാലും എതിരാളികളേക്കാൾ മികച്ചതാണെന്ന് പറയാം.

ഓൺ-റോഡ് വില: 7.9 ലക്ഷത്തിൽ തുടങ്ങി 13.5 ലക്ഷം വരെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!