Explore
Trending

കുറഞ്ഞചെലവിൽ ആറ്​ ദിവസം കൊണ്ട്​ കാശ്​മീരിൽ പോയിവരാവുന്ന കിടിലൻ പ്ലാൻ

ഈ യാത്ര​ ട്രെയിനിലാണെങ്കിൽ ഏകദേശം 15,000 രൂപക്ക്​ പോയിവരാം

കാഴ്​ചകളുടെ സ്വർഗമെന്ന്​ അറിയപ്പെടുന്ന കാശ്​മീർ ( jammu and kashmir ) താഴ്​വരയിലേക്ക്​ ഏതാനും മാസങ്ങൾക്ക്​ മുമ്പാണ്​ യാത്ര പോകുന്നത്​. ആറ്​ ദിവസമായിരുന്നു കൈയിലുണ്ടായിരുന്ന സമയം. അതിനുള്ളിൽ കേരളത്തിൽനിന്ന്​ അവിടെ പോയി തിരിച്ചെത്തുക, ഒപ്പം പറ്റാവുന്ന സ്​ഥലങ്ങളെല്ലാം കാണുക എന്നത്​ വളരെ ശ്രമകരമായ കാര്യം തന്നെയായിരുന്നു.

എന്തായാലും ഉള്ള സമയവും പൈസയും വെച്ച്​ ഒരു യാത്രാ പ്ലാൻ ഉണ്ടാക്കി. യാത്രയുടെ രണ്ട്​ മാസം മുമ്പ്​ തന്നെ വിമാനം ബുക്ക്​ ചെയ്​തു. കൊച്ചിയിൽനിന്ന്​ ( Kochi ) ശ്രീനഗർ ( Srinagar ) വരെയും തിരിച്ചുമുള്ള വിമാന ടിക്കറ്റ്​​ 12,000 രൂപക്ക്​ കിട്ടി. makemytrip വഴിയാണ്​ ടിക്കറ്റെടുത്തത്​.

Day 1

അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. കൊച്ചിയിൽനിന്ന്​ അതിരാവിലെ ഏഴ്​ മണിക്ക്​ പുറപ്പെട്ട indigo വിമാനം ബാംഗ്ലൂർ ( Bengaluru ), അമൃത്​സർ ( Amritsar ) വഴി ഉച്ചക്ക്​ 2.30ഓടെ ശ്രീനഗറിലെത്തി. വിമാനത്താവളത്തിൽനിന്ന്​ പുറത്തിറങ്ങി ടാക്​സി വിളിച്ചായിരുന്നു​ റൂമിലേക്കുള്ള യാത്ര. അൽപ്പനേരത്തെ വിശ്രമത്തിനുശേഷം ഭക്ഷണവും കഴിച്ച്​ അന്ന്​ ആദ്യം പോയത് ദാൽ തടാകക്കരയിലെ​ ഹസ്രത്​ ബാൽ മസ്​ജിദിലേക്കാണ് ( Hazratbal Masjid )​. പള്ളിയിലും സമീപത്തെ തെരുവിലും ദാൽ തടാകക്കരയിലുമായി ഏകദേശം രണ്ട്​ മണിക്കൂർ ചെലവഴിച്ചു. സമയം ഇരുട്ടിത്തുടങ്ങിയതോടെ ഓ​​ട്ടോ പിടിച്ച്​ ദാൽ തടാകത്തിൻെറ ( Dal lake ) മറുകരയിലെത്തി. അവിടെയാണ്​ ഹൗസ്​ ബോട്ടുകളെല്ലാം ഉള്ളത്​. ​ഏകദേശം 10 മണി വരെ തടാകക്കരയി​ൽ ചെലവഴിച്ചു.

Day 2

അടുത്തദിവസം രാവിലെ തന്നെ ഞങ്ങൾ ടാക്​സിയിൽ കാർഗിലിലേക്ക് ( Kargil )​ പുറപ്പെട്ടു. ശ്രീനഗറിൽനിന്ന്​ ഏകദേശം 200 കിലോമീറ്റർ ദൂരമുണ്ട്​. ഇവിടേക്കുള്ള യാത്ര അതി​മനോഹരമാണ്​. കടുക്​ പാടങ്ങൾ, പൈൻ മരങ്ങൾ നിറഞ്ഞ കാടുകൾ, അവക്കിടയിലൂടെ ഒഴുകുന്ന അരുവികൾ എല്ലാം നമ്മെ മായിക ലോകക്കേക്ക്​​ എത്തിക്കും. സോനാമാർഗും സോജിലാ പാസുമെല്ലാം ( zojila pass ) പിന്നിട്ട്​ ഉച്ചക്ക്​ രണ്ട്​ മണിയോടെ കാർഗിലിലെത്തി. ഭക്ഷണം കഴിച്ച്​ ആദ്യം ഞങ്ങൾ പോയത്​ ഹണ്ടർമാൻ വില്ലേജിലേക്കാണ് ( hunderman village )​. വർഷങ്ങൾക്ക്​ മുമ്പ്​ പാകിസ്​താൻെറ കൈവശമായിരുന്ന ഈ ഗ്രാമം പിന്നീട്​ ഇന്ത്യ പിടിച്ചടക്കുകയായിരുന്നു. ഇന്നീ ഗ്രാമം ഒരു മ്യൂസിയമാണ്​. ഇതിന്​ സമീപം തന്നെ ജനവാസമുള്ള ഗ്രാമവുമുണ്ട്​.

ഇവിടെനിന്ന്​ നോക്കിയാൽ പാകിസ്​താൻെറ കൈവശമുള്ള ഗ്രാമങ്ങൾ കാണാം. ഹണ്ടർമാൻ വില്ലേജിൽനിന്ന്​ തിരിച്ചുവന്ന്​ കാർഗിൽ ടൗണിലൂടെ നടന്നു. കാർഗിലിന്​ പരിസരത്ത്​ ഒരുപാട്​ കാഴ്​ചകൾ ഇനിയുമുണ്ട്​. അവ കണ്ടുതീർക്കാൻ രണ്ട്​ ദിവസം വേണ്ടിവരും. സോജില പാസ്​, ഹണ്ടർമാൻ വില്ലേജ്​, കാർഗിൽ ടൗൺ എന്നിവ മാത്രമാണ്​ ഞങ്ങൾ കാണാൻ ഉദ്ദേശിച്ചിരുന്നത്​. സമയക്കുറവ്​ തന്നെയാണ്​ മറ്റു സ്​ഥലങ്ങൾ ഒഴിവാക്കാൻ കാരണം. ലാമയുരു, മുൽബേക് തുടങ്ങിയ​ മൊണാസ്​ട്രികളാണ്​ കാർഗിലിൽ ഇനി പ്രധാനമായും കാണാനുള്ളത്​.

Day 3

അടുത്തദിവസം രാവിലെ തന്നെ സോനാമാർഗിലേക്ക് ( sonmarg )​ തിരിച്ച്​ പോകാൻ ആരംഭിച്ചു. വരുന്ന വഴിയിൽ ആദ്യം കാർഗിൽ വാർ മെമോറിയൽ ( kargil war memorial ) കാണാനിറങ്ങി. അതിനുശേഷം പ്രഭാതഭക്ഷണത്തിനായി ദ്രാസിലെത്തി. ലോകത്തെ ജനവാസമുള്ള ഏറ്റവും തണുപ്പേറിയ ഗ്രാമങ്ങളിലൊന്നാണിത്​.

12 മണിയോടെ സോനാമർഗിലെത്തി. ആദ്യം ത​ന്നെ അവിടെയുള്ള ഹോട്ടലിൽ കയറി മട്ടൺ കൊണ്ടുള്ള വിഭവമായ കശ്​മീരി വസ്​വാൻ കഴിച്ചു. പിന്നെ കുതിരപ്പുറത്ത്​ കയറി Thajiwas Glacier കാണാൻ പോയി. 365 ദിവസവും മഞ്ഞ്​മൂടിയ പർവതമാണ്​ ഇവിടെയുള്ളത്​. തിരിച്ചെത്തി സോനാമാർഗ് നഗരത്തിലൂടെയും സമീപ​ത്തെ ഗ്രാമങ്ങളിലൂടെയും ഞങ്ങൾ ചുറ്റിക്കറങ്ങി. ഗംഗാബാൽ തടാകം, ഗഡാസർ തടാകം, ബൽതാൽ വാലി തുടങ്ങിയ ധാരാളം കാഴ്​ചകൾ ഇനിയും സോനാമാർഗിലുണ്ട്​.

pahalgam
പഹൽഗാമിലെ മിനി സ്വിറ്റ്​സർലാൻഡ്​

Day 4

നാലാമത്തെ ദിവസം പുലർച്ചെ തന്നെ യാത്ര തുടങ്ങി. ഇന്നത്തെ ലക്ഷ്യം പഹൽഗാമാണ് ( pahalgam )​. ശ്രീനഗറും പിന്നിട്ടാണ്​ അങ്ങോ​ട്ടേക്കുള്ള യാത്ര. വഴിയിൽ കണ്ട ആപ്പിൾ ​േതാട്ടത്തിൽ കയറി കുറച്ചുനേരം ചെലവഴിച്ചു. കശ്​മീരിലെ അതിമനോഹരമായ സ്​ഥലങ്ങളിലൂടെയായിരുന്നു യാത്ര. ഉച്ചയോടെ പഹൽഗാമിലെത്തി. ആദ്യം തന്നെ ‘മിനി സ്വിറ്റ്​സ്​ർലാൻഡ്​ കാണാനാണ്​ പോകുന്നത്​. മൂന്നുപേർ കുതിരപ്പുറത്തും ബാക്കിയുള്ളവർ നടന്നുമാണ്​ മലകയറുന്നത്​. രണ്ട്​ മണിക്കൂർ യാത്രക്കൊടുവിൽ മലമുകളിലെത്തി. വിശാലമായ പുൽത്തകിടിയും അതിന്​ ചുറ്റുമുള്ള പൈൻ മരങ്ങളുമാണ്​ ഇവിടത്തെ ആകർഷണം. ഇത്​ കൂടാതെ ധാരാളം കാഴ്​ചകൾ ഇനിയും പഹൽഗാമിലുണ്ട്​. ആറു വാലി, ബെതാബ്​ വാലി, ടുലിയാൻ തടാകം, മാമലേശ്വർ ക്ഷേത്ര തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്​.

അവ കാണാൻ നിൽക്കാതെ ഞങ്ങൾ ശ്രീനഗറിലേക്ക്​ മടങ്ങി. കശ്​മീരിൽ പ്രഖ്യാപിച്ച കർഫ്യൂ ആയിരുന്നു ഇതിന്​ കാരണം. പോകുന്നവഴിയിൽ ക്രിക്കറ്റ്​ ബാറ്റ്​ നിർമിക്കുന്ന ഫാക്​ടറിയിൽ കയറി രണ്ട്​ ബാറ്റ്​ വാങ്ങി. ഇവ വിമാനത്തിൽ ഹാൻഡ്​ ബാഗിൻെറ ക​ൂടെ കൊണ്ടു​പോകാൻ സാധിക്കാത്തതിനാൽ കൊറിയർ അയക്കാൻ തീരുമാനിച്ചു. ഇതിനുള്ള സൗകര്യം ഫാക്​ടറിയിൽ തന്നെയുണ്ട്​. പിന്നീട്​ എത്തിയത്​ കുങ്കുമ പാടത്താണ്​. ചെടികൾ വളർന്നുവരുന്നേയുള്ളൂ. രാത്രിയോടെ ശ്രീനഗറിലെത്തി. അന്ന്​ താമസം ദാൽ തടാകത്തിലെ ഹൗസ്​ ബോട്ടിലാണ്​ ബുക്ക്​ ചെയ്​തിട്ടുള്ളത്​. രണ്ട്​ റൂമിന്​ മൊത്തം 3000 രൂപയാണ്​ നിരക്ക്​.

Day 5

പുലർച്ചെ നാല്​ മണിക്ക്​ എല്ലാവരും എണീറ്റു. 4.30 ആയപ്പോഴേക്കും ഞങ്ങൾക്ക്​ പോകാനുള്ള ശിക്കാറുകൾ വന്നു. അഞ്ച്​ മണിക്ക്​ ആരംഭിക്കുന്ന ഫ്​ളോട്ടിങ്​ വില്ലേജ്​ കാണാനായിരുന്നു ആ യാത്ര. ദാൽ തടാകക്കരയിലുള്ള കർഷകർ പച്ചക്കറി വിൽക്കുന്ന കാഴ്​ച അതിമനോഹരം തന്നെയാണ്​. ശിക്കാർ യാത്ര കഴിഞ്ഞ്​ 7 മണിയോടെ ബോട്ടിൽ തിരിച്ചെത്തി. ഇന്ന്​ ശ്രീനഗർ മൊത്തമായി കാണാനാണ്​ പ്ലാൻ. ആദ്യം പോയത്​ ഓൾഡ്​ ശ്രീനഗറിലെ ജമാമസ്​ജിദ്​ കാണാനാണ്​. അവിടെനിന്ന്​ പിന്നീട്​ എത്തിയത്​ ചെഷ്​മഷാഹി മുഗൾ ഗാർഡനിൽ ( Chashma Shahi Garden ). തുടർന്ന്​ പരി മഹലും കണ്ടാണ്​ മലയിറങ്ങിയത്​.

ഉച്ചക്ക്​ ദാൽ തടാകത്തിന്​ സമീപത്തെ ഹോട്ടലിൽ കയറി അടിപൊളി കശ്​മീരി പുലാവ്​ അകത്താക്കി. തുടർന്ന്​ കശ്​മീരിലെ പ്രമുഖ രാഷ്​ട്രീയ നേതാക്കൾ താമസിക്കുന്ന ഗുപ്​കർ റോഡിലൂടെയൊന്ന് ( gupkar road ) കറങ്ങി. അതിനുശേഷം ദാൽ തടാകക്കരയിലുള്ള ഷാലിമാർ ഗാർഡൻ ( shalimar mughal garden ) കാണാൻ പോയി. അവിടെനിന്ന്​ ഇറങ്ങു​േമ്പാഴേക്കും സമയം ഇരുട്ടായിരുന്നു. അന്ന്​ രാത്രി ശ്രീനഗറിൻെറ തെരുവുകളിലൂടെ ഷോപ്പിങ്​​ നടത്തി.

Day 6

രാവിലെ ഒമ്പത്​ മണിയോടെ ശ്രീനഗറിനോട്​ വിടപറഞ്ഞു. ഡൽഹി ( delhi ), മുംബൈ ( mumbai ) വഴി gofirst വിമാനത്തിൽ കൊച്ചിയിലെത്തു​േമ്പാൾ സമയം വൈകീട്ട്​ 7.30 കഴിഞ്ഞിട്ടുണ്ട്​.

ബഡ്​ജറ്റ്​

വിമാനടിക്കറ്റടക്കം 25,000 രൂപയാണ്​ ഈ യാത്രക്ക്​ ചെലവ്​ വന്നത്​. ഈ യാത്ര​ ട്രെയിനിലാണെങ്കിൽ ഏകദേശം 15,000 രൂപക്ക്​ പോയിവരാം. പക്ഷെ, ദിവസം ആറിൽനിന്ന്​ 10 ആകും എന്നേയുള്ളൂ. കൂടുതൽ സമയമുള്ളവർക്ക്​ ശ്രീനഗറിൽനിന്ന്​ 50 കിലോമീറ്റർ അകലെയുള്ള ഗുൽമാർഗിലേക്കും ( Gulmarg ) യാത്ര പോകാം. ഇവിടെയാണ്​ പ്രശസ്​തമായ ഗോണ്ടോല റെയ്​ഡുള്ളത്​. വിമാന ടിക്കറ്റ്​ രണ്ട്​ മാസം മുമ്പ്​ എടുത്തതിനാലാണ്​ 12,000 രൂപക്ക്​ ലഭിച്ചത്​. യാത്രയും ടിക്കറ്റ്​ എടുക്കുന്ന ദിവസവും തമ്മിലുള്ള അന്തരം കുറയുന്നതിന്​ അനുസരിച്ച്​ ടിക്കറ്റ്​ നിരക്ക്​ കൂടിക്കൊണ്ടിരിക്കും.

ഇവ ശ്രദ്ധിക്കാം

മേയ്​ മുതൽ സെപ്​റ്റംബർ വരെയുള്ള കാലയളവിൽ മാത്രമാണ് സോനാമാർഗിൽനിന്ന്​​ സോജിലാ പാസ്​ വഴി കാർഗിലിലേക്ക്​​ പോകാൻ സാധിക്കൂ. ബാക്കി സമയങ്ങളിൽ ഇവിടെ മഞ്ഞുമൂടും. ഇതിന്​ പരിഹാരമായി ഇപ്പോൾ ഇവിടെ തുരങ്കത്തിൻെറ നിർമാണം നടക്കുന്നുണ്ട്​.

ജമ്മു കാശ്​മീരിലും സമീപത്തെ ലഡാക്കിലും പോസ്​റ്റ്​പെയ്​ഡ്​ സിം ( postpaid sim ) മാത്രമേ പ്രവർത്തിക്കൂ. ശ്രീനഗറിലെത്തി പുതിയ സിം എടുക്കുകയാണ്​ ഞങ്ങൾ ചെയ്​തത്​. ഏകദേശം ഇതിന്​ 300 രൂപയായി. 15 മിനിറ്റ്​ കൊണ്ട്​ സിം പ്രവർത്തനക്ഷമമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!