Expert

വാഹനലോകത്തെ പിടിച്ചുലക്കുന്ന സെമികണ്ടക്​ടർ ക്ഷാമം; എന്താണീ അർദ്ധചാലകങ്ങൾ?

സെമികണ്ടക്ടറുകളുടെ ദൗർലഭ്യം വാഹനലോകത്തെ ബാധിക്കുന്നതെങ്ങനെ

സെമികണ്ടക്ടറുകളുടെ (Semiconductors) ദൗർലഭ്യം വാഹന വ്യവസായത്തെ പിടിച്ചുലക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. തന്മൂലം പല കാറുകളുടെയും ലോഞ്ചിങ്ങുകളും (launching) ഡെലിവെറിയും നീളുന്നത് പലപ്പോഴും നാം കേട്ടിട്ടുണ്ടാവും. ഫോർഡ്, ടൊയോട്ട, റെനോ, ഹോണ്ട, ജനറൽ മോട്ടോർസ്, ഹ്യുണ്ടായ്, ഫോക്സ് വാഗൺ ( Ford, Toyota, Renault, Honda, General Motors, Hyundai, Volkswagen ) തുടങ്ങി ആഗോള വാഹന രംഗത്തെ പല പ്രമുഖ ബ്രാൻഡുകളുടെയും വിവിധ പ്ലാൻറുകൾ സ്തംഭിക്കുന്നതിന് വരെ ഈ ക്ഷാമം കാരണമായിട്ടുണ്ട്.

ആധുനിക കാറുകളിൽ മിക്കവാറും എല്ലാ സർക്യൂട്ടുകളും മൈക്രോപ്രോസസ്സറുകളെയും സെമികണ്ടക്ടറുകളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. വാഹനത്തിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന എൻജിൻ, ഗിയർ ബോക്സ് എന്നിവ തൊട്ട് എബിഎസ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ, ബ്ലൂടൂത്ത്, എയർ കണ്ടീഷണർ, ഇലക്ട്രോണിക് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റുകൾ തുടങ്ങിയവ വരെ ഇവയെ ആസ്പദമാക്കിയാണ് പ്രവർത്തിക്കുന്നത്. വാഹനത്തിൻെറ നട്ടെല്ലായ ഫ്രെയിം അഥവാ ഷാസി(chassis) വരെ ഇതിൽ ഉൾപ്പെടും.

വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തിവിടുന്ന പദാർഥങ്ങളാണ് സെമികണ്ടക്​ടർ. സിലിക്കൺ(silicon), ജെർമേനിയം(germanium) തുടങ്ങിയ മൂലകങ്ങൾ ഇവക്കുദാഹരണമാണ്. ഏഷ്യൻ രാജ്യങ്ങളാണ് ഈ അർദ്ധചാലക ചിപ്പുകളുടെ പ്രധാന വിതരണക്കാർ. Covid കേസുകളുടെ വർധനവ്, അനുബന്ധ യാത്രാ-ലോജിസ്റ്റിക് നിയന്ത്രണങ്ങൾ എന്നിവയാണ് ചിപ്പുകളുടെ കടുത്ത വിതരണക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായത്. മുമ്പ് 8 മുതൽ 12 ആഴ്ച വരെയായിരുന്നു ഓർഡറിനും വിതരണത്തിനും ഇടയിൽ ആവശ്യമായിരുന്നത്. എന്നാൽ, അത് ഇപ്പോൾ മൂന്നിരട്ടിയോളം വർധിച്ച് 36 മുതൽ 40 ആഴ്ചയോളം ചിപ്പുകൾക്കായി കമ്പനികൾ കാത്തിരിക്കേണ്ടതുണ്ട്.

വാഹനങ്ങൾക്ക്​ പുറമെ മൊബൈൽ ഫോൺ, ലാപ്​ടോപ്പ്​ തുടങ്ങിയവയിലും സെമികണ്ടക്​ടറുകൾ ആവശ്യമായി വരുന്നു. കോവിഡ്​ കാലത്ത്​ ഇവയുടെ വിൽപ്പന കൂടുകയും വാഹനങ്ങളുടെ വിൽപ്പന കുറയുകയും ചെയ്​തിരുന്നു. ഇതിനാൽ കമ്പനികൾ അധികവും സെമികണ്ടക്​ടറുകൾ മൊബൈൽ, ലാപ്​ടോപ്പ്​ നിർമാതാക്കൾക്ക്​ സെമികണ്ടക്​ടറുകൾ നൽകിയതും വാഹനലോകത്തെ പ്രതികൂലമായി ബാധിച്ചു.

ഉയരുന്ന വില

സെമികണ്ടക്ടറുകളുടെ ആവശ്യം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം വിലയും അഭൂതപൂർവമായ തോതിൽ ഉയരുകയാണ്. മുമ്പ് മൂന്നു മാസത്തിലൊരിക്കലായിരുന്നു ചിപ്പുകളുടെ വില പുതുക്കി നിശ്ചയിച്ചിരുന്നത്. സെമികണ്ടക്ടറുകളുടെ വിതരണ പരിമിതികൾ ഓട്ടോമോട്ടീവ് വ്യവസായത്തിൽ വ്യത്യസ്ത തരത്തിലാണ് പ്രതിഫലിക്കുന്നത്.

ഇവയുടെ ഉപയോഗം, മോഡലുകൾ എന്നിവ വിവിധ വാഹന വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയർന്ന അളവിൽ അർദ്ധചാലകങ്ങൾ ഉപയോഗിക്കുന്നത് പാസഞ്ചർ വാഹനങ്ങളിലാണ്. ആഡംബര വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും കൂടുതൽ ചിപ്പുകൾ ആവശ്യമാണ്. ബഡ്​ജറ്റ് കാറുകളിൽ 40 മുതൽ 50 ഡോളർ വരെ മൂല്യം വരുന്ന ചിപ്പുകളുപയോഗിക്കുന്നിടത്ത് പ്രീമിയം കാറുകളിലെത്തുമ്പോൾ അത് 450 മുതൽ 500 ഡോളർ വരെയാകുന്നു. ചിപ്പുകളുടെ അഭാവം വാഹന വിലയേയും പ്രതികൂലമായി ബാധിക്കുന്നു.

2023ൻെറ അവസാനമാകുന്നതുവരെ ഈ ക്ഷാമം തുടരുമെന്നാണ് ബന്ധപ്പെട്ടവരുടെ നിഗമനം. ഇന്ത്യയിൽ ബോഷ് (BOSCH), ആരോ (Arrow) ഇലക്ട്രോണിക്സ്, മില്ലേനിയം സെമികണ്ടക്ടേഴ്സ് (millenium semiconductors) എന്നിവരാണ് പ്രധാന അർദ്ധചാലക വിതരണക്കാർ. ഈ കമ്പനികളെല്ലാം ഇത്തരം ഘടകങ്ങളുടെ ക്ഷാമത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ്​ നൽകിയതാണ്. രണ്ടുവർഷംകൊണ്ട് ഈ ക്ഷാമത്തിൽ നിന്നും വാഹന വ്യവസായത്തിന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!