Destination
Trending

വയനാട്ടിലേക്ക്​ പോത്തും​ കാൽ കഴിക്കാൻ പോവുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത്​ നന്നാകും

Restaurent: beycho cafe, Location: kalpetta

ഏറെ നാളായി സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ്​ വയനാട്ടിലെ പോത്തുംകാൽ കഴിക്കുന്നതിൻെറ ഗുണമേൻമകളും സവിശേഷതകളും പങ്കുവെച്ചുകൊണ്ട്​ വിഡിയോ ചെയ്യുന്നത്​. അതിൻെറ രുചിയറിഞ്ഞി​ട്ടെ ഇനി കാര്യമുള്ളൂ എന്നു കരുതി ഞങ്ങളും ചുരം കയറാൻ തീരുമാനിച്ചു. താമരശ്ശേരി ചുരം കയറുന്നതിന്​ പകരം ഇത്തവണ റൂട്ട്​ ഒന്ന്​ മാറ്റിപ്പിടിച്ചു​. നിലമ്പൂർ – നാടുകാണി – ദേവാല – മേപ്പാടി വഴി കൽപ്പറ്റയിലെത്താനാണ്​ തീരുമാനം. തമിഴ്​നാട്​ കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിൻെറ ഭാഗമായിട്ടാണ്​ ഇങ്ങനെയൊരു തീരുമാനം.

രാവിലെ 11 മണിക്കാണ്​ യാത്ര ആരംഭിക്കുന്നത്​. ഗൂഗിളിൽ പോത്തും കാൽ കിട്ടുന്ന സ്​ഥലം എവിടെയാണെന്ന്​ പരതിനോക്കി. കൽപ്പറ്റയിലെ beycho cafe യിൽ സംഗതി കിട്ടുമെന്ന്​ മനസ്സിലായി. ഗൂഗിളിൽനിന്ന്​ ലഭിച്ച നമ്പറിൽ വിളിച്ചു. ഇന്ന്​ വന്നാൽ സാധനം കിട്ടുമോ എന്ന്​​ ചോദിച്ചപ്പോൾ, ഇപ്പോൾ ഓർഡർ ചെയ്​താൽ വൈകുന്നേരത്തേക്ക്​ തയാറാക്കി വെക്കാം എന്നുപറഞ്ഞു. നേരത്തെ ബുക്ക്​ ചെയ്​താലേ സാധനം കിട്ടൂ എന്ന്​ അപ്പോഴാണ്​ മനസ്സിലായത്​. 11 മണിക്ക്​ മുമ്പ്​ ബുക്ക്​ ചെയ്യണം. എന്നാൽ മൂന്ന്​ മണിയാകു​േമ്പാഴേക്കും സാധനം റെഡിയാകും.

500 രൂപയുടെ ഒരു ​േപ്ലറ്റ്​ പ്രീ ബുക്ക്​ ചെയ്​ത്​ ഞങ്ങൾ യാത്ര തുടങ്ങി. നിലമ്പൂരിലെ തേക്ക്​ മ്യൂസിയത്തിന്​ സമീപത്തുനിന്ന്​ നല്ലൊരു സദ്യയും കഴിച്ച്​ നാടുകാണി ചുരവും പിന്നിട്ട്​ രണ്ട്​ മണിയോടെ തമിഴ്​നാട്​ അതിർത്തിയിലെത്തി. എല്ലാവരും രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തതിനാൽ പെ​ട്ടെന്ന്​ അതിർത്തി കടക്കാനായി. ദേവാല എത്തിയപ്പോഴേക്കും ഞങ്ങളെ സ്വീകരിച്ച്​ മഴയെത്തി.

ഒരു മണിക്കൂർ യാത്രക്കൊടുവിൽ വീണ്ടും കേരളത്തിൻെറ മണ്ണിലേക്ക്​ ടയറുകൾ പ്രവേശിച്ചു. മഴ കോരിച്ചൊരിയുകയാണ്​. വഴിയരികിൽ നാടൻ ഹോട്ടൽ കണ്ടപ്പോൾ ചായ കുടിക്കാനൊരു മോഹം. ആ മഴയത്ത്​ ആവി പറക്കുന്ന കട്ടൻ ചായയും ഉള്ളിവടയും കഴിച്ച്​ യാത്ര തുടർന്നു.

പോകുന്ന വഴിയിൽ കാന്തൻപാറ വെള്ളച്ചാട്ടം എന്നൊരു ബോർഡ്​ കണ്ടു. പ്രധാന റോഡിൽനിന്ന്​ വലിയ ദൂരമൊന്നും ഇല്ല. വയനാടൻ ​ഗ്രാമീണ വഴികളിലൂടെ വെള്ളച്ചാട്ടത്തിന്​ അടുത്തെത്തി. മഴക്കാലമായതിനാൽ വെള്ളച്ചാട്ടം അതിൻെറ രൗദ്രഭാവത്തിലാണ്​. മലയാളികളേക്കാൾ കൂടുതൽ അന്യസംസ്​ഥാനക്കാരാണ്​ അവിടെ കാഴ്​ചക്കാരായുള്ളത്​. മലയാളിൾക്ക്​ ഇപ്പോൾ മഴയും വെള്ളവുമെല്ലാം കാൽപനികതയിൽനിന്ന്​ മാറി ഭയാനകമാണല്ലോ.

കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം വീണ്ടും വണ്ടിയിൽ കയറി. നമ്മുടെ പോത്തും കാൽ അവിടെ റെഡിയായിട്ടുണ്ടാകും. ആകാംക്ഷ ഉയരുകയാണ്​. ഗൂഗിൾ മാപ്പിൽ​ ലൊക്കേഷനിട്ടു. കൽപ്പറ്റ ബൈപ്പാസ്​ റോഡിലുള്ള ബെയ്​ചോ കഫേയിൽ എത്തു​േമ്പാൾ ആറ്​ മണി കഴിഞ്ഞിട്ടുണ്ട്​.

കാണാൻ കൊള്ളാം, പക്ഷെ…

റിസപ്​ഷനിൽ പോയി പോത്തും കാൽ മുൻകൂട്ടി ഓർഡർ ചെയ്​ത കാര്യം അറിയിച്ചു. അഞ്ച്​ മിനിറ്റ്​ കൊണ്ട്​ സാധനം റെഡിയാകുമെന്ന്​ പറഞ്ഞു. അടിപൊളിയായിട്ട്​ ഇൻറീരിയർ ചെയ്​ത ഹോട്ടലാണ്​ ബെയ്​ചോ. ധാരാളം പേർ അവിടെയുണ്ട്​. മിക്കവരും വയനാടിൻെറ തനത്​ രുചിക്കൂട്ടായ പോത്തും കാൽ കഴിക്കാൻ എത്തിയവരാണ്​.

അഞ്ച്​ മിനിറ്റ്​ കഴിഞ്ഞപ്പോഴേക്കും വലിയൊരു പാത്രത്തിൽ പോത്തും കാൽ ഞങ്ങളുടെ മുന്നിലെത്തി. കൂടെ മൂന്ന്​ വീതം നെയ്​പത്തലും നൈസ്​ പത്തിരിയും. എല്ലിൽനിന്ന്​ ഇറച്ചി മുറിച്ചുമാറ്റാനായി കത്തിയും സ്​പൂണുമെല്ലാം ഉണ്ട്​. ചെറിയൊരു പീസ്​ മുറിച്ച്​ വായയിൽ വെച്ചു. വലിയ ആകാംക്ഷയോടെയാണ്​ പോത്തും കാൽ കഴിക്കാൻ മല കയറിയെത്തിയത്​. പക്ഷെ, അതിനുള്ള​ മെച്ചമൊന്നും ഇല്ലെന്ന്​ ആദ്യനിമിഷത്തിൽനിന്ന്​ തന്നെ മനസ്സിലായി. കുരുമുളകാണ്​ പ്രധാന ചേരുവ. പക്ഷെ, ഉപ്പ്​ അൽപ്പം കുറവുള്ളതുപേ​ാലെ തോന്നി. എന്തായാലും ഓർഡർ ചെയ്​തതല്ലേ, മുഴുവൻ കഴിക്കാൻ തന്നെ തീരുമാനിച്ചു.

ഒരുപാട്​ നേരം അടുപ്പത്ത്​ വെച്ചതിനാലാകും, എല്ലിന്​ മുകളിലുള്ള ഇറച്ചിയല്ലൊം നന്നായി വെന്തിട്ടുണ്ട്​. നല്ല തിക്ക്​ ഗ്രേവിയാണ്​​. ആദ്യമെല്ലാം കത്തിയെടുത്ത്​ ചെറുതായി കഷ്​ണങ്ങൾ മുറിച്ചു. എല്ലിൻെറ അടുത്തേക്ക്​​ എത്തും തോറും മുറിച്ചെടുക്കാൻ പ്രയാസമുണ്ട്​. ഇതോടെ ഞങ്ങൾ സകല ‘മാന്യതയും’ തീൻമേശക്ക്​ പുറത്ത്​ മാറ്റിവെച്ച്​ കൈകൊണ്ട്​ തന്നെ എടുക്കാൻ തുടങ്ങി.

ഇങ്ങനെ മുറിച്ചെടുക്കു​േമ്പാൾ കറിയുടെ ചെറിയ തുള്ളികൾ വസ്​ത്രത്തിലെല്ലാം തെറിക്കുന്നുണ്ട്​. അതുകൊണ്ട്​ പോത്തും കാല്​ തിന്നാൻ പോകു​േമ്പാൾ വെള്ള വസ്​ത്രം ധരിക്കാതിരിക്കലാകും ഉത്തമമെന്ന്​ ഞങ്ങൾക്ക്​ മനസ്സിലായി. എല്ലിനുള്ളിലെ മജ്ജ കഴിക്കാൻ വേണ്ടി അവർ രണ്ട്​ സ്​​ട്രോ തന്നു. അതുപയോഗിച്ച്​ കുത്തിയിളക്കണം. എന്നിട്ട്​ പാത്രത്തിലേക്ക്​ പതിയെ തട്ടിയാൽ മതി. ഇറച്ചിയേക്കാൾ രുചി മജ്ജക്കായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഫോൺ വിളിച്ച്​ പോത്തിൻ കാൽ ഓർഡർ ചെയ്യു​േമ്പാൾ ഒരു ​േപ്ലറ്റ്​ രണ്ട്​ പേർക്ക്​ അഡ്​ജസ്​റ്റ്​ ചെയ്​ത്​ കഴിക്കാമെന്നാണ്​ പറഞ്ഞിരുന്നത്​. എന്നാൽ, ഞങ്ങൾ നാലുപേർക്ക്​ അതുതന്നെ ധാരാളമായിരുന്നു. കൂടെ ലഭിച്ച നെയ്​പത്തൽ ഗംഭീരമായിരുന്നെങ്കിലും നൈസ്​ പത്തിരി അത്ര നിലവാരമില്ലായിരുന്നു.

ഇതിൻെറ കൂടെ ചായയും ഞങ്ങൾ ഓർഡർ ചെയ്​തിരുന്നു. ഒരു ചായ എന്ന്​ പറഞ്ഞാൽ ഈ കഫേയിൽ രണ്ടു കപ്പ്​ ലഭിക്കും. അതായത്​ രണ്ടുപേർക്ക്​ ഷെയർ ചെയ്​ത്​ കുടിക്കാം. ​അതിൻെറ ഗുട്ടൻസ്​ എന്താണെന്ന്​ ചോദിച്ചപ്പോൾ, ​രണ്ടുകപ്പിലേക്ക്​ ചായ ഒരുമിച്ച്​ തയാറാക്കുന്നതിനാലാണെന്ന്​ അവർ പറഞ്ഞു. പക്ഷെ, ഇതിൻെറ പ്രശ്​നം രണ്ടുപേർക്കും വ്യത്യസ്​ത ചായയാണ്​ വേണ്ടതെങ്കിൽ അത്​ സാധ്യമല്ല എന്നുള്ളതാണ്​.

ചായയും കൂട്ടി പോത്തും കാലും നെയ്​പത്തലുമെല്ലാം ഞങ്ങൾ അകത്താക്കി. നാട്ടിൽനിന്ന്​ വണ്ടി കയറിയപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷക്കൊത്ത്​ പോത്തും കാൽ ഉയർന്നില്ലെങ്കിലും വയറ്​ നിറഞ്ഞിരുന്നു. ഒരൽപ്പം മനസ്സും. ഇവക്കെല്ലാം പുറമെ ധാരാളം ഭക്ഷണവിഭവങ്ങളും ബെയ്​ചോ ക​ഫേയിലുണ്ട്​. അവയുടെ വിവരങ്ങൾ ഇവിടെ കിട്ടും.

ഇത്രയും വായിച്ചശേഷം നിങ്ങൾക്ക്​ പോത്തും കാൽ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ നമ്പറിൽ വിളി​ച്ച്​ ബുക്ക്​ ചെയ്​തോളൂ: 95673 60753. എന്നിട്ട്​ ചുരം കയറി വയറും മനസ്സും നിറക്കാം.

Outbeat Rating: 3/5*

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!