Speed Track

SONET: കിയയുടെ ‘കുട്ടിയാന’

രണ്ട് വർഷം-മൂന്ന് മോഡലുകൾ, രണ്ടര ലക്ഷത്തിലധികം വിൽപ്പനകൾ. ഇറക്കുന്ന ഓരോ മോഡലുകളും ജനമനസ്സുകളിൽ കോറിയിട്ട ഇന്ദ്രജാലം. പറയുന്നത് മറ്റാരെയുമല്ല, കിയയെക്കുറിച്ചാണ്​. രണ്ട് വർഷം മുമ്പ് വരെ ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത, കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ബ്രാൻഡായിരുന്നു കിയ മോട്ടോർസ്. എന്നാൽ, രണ്ട് വർഷം കൊണ്ട് തന്നെ ഇന്ത്യൻ വാഹന വിപണിയുടെ കൊടുമുടി കീഴടക്കിയിരിക്കുകയാണ് ഈ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ.

ആദ്യ മോഡലായ സെൽറ്റോസ് വമ്പന്മാരോട്​ ഏറ്റുമുട്ടി വിജയം കൊയ്താണ് വരവറിയിച്ചത്. രണ്ടാമനായി കാർണിവലും രംഗത്തെത്തി. പക്ഷെ, നമ്മുടെ ഇന്നത്തെ അതിഥി ഇവരുടെ പിൻഗാമിയായി കിയ കുടുംബത്തിലേക്കെത്തിയ, കിയ ‘ആനക്കുട്ടി’ എന്ന് വിശേഷിപ്പിക്കുന്ന സോണറ്റാണ്. അതിവേഗത്തിൽ രണ്ട് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ബ്രാൻഡ് എന്ന ഖ്യാതി കിയയ്ക്ക് നേടിക്കൊടുത്തത്തിൽ സോണറ്റിൻെറ പങ്കും വലുതാണ്. 2020 സെപ്റ്റംബറിലായിരുന്നു സോണറ്റിനെ നിർമാതാക്കൾ അവതരിപ്പിച്ചത്.

ഇപ്പോൾ പത്തോളം പുതുമകളോടെ പുതിയ സോണറ്റിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കിയ. പുതുക്കിയ കിയയുടെ ലോഗോ ആണ് കാഴ്ചയിലെ ശ്രദ്ധിക്കപ്പെടുന്ന ഏക മാറ്റം. പുതുതായി രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകളും സോണറ്റിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും പാഡിൽ ഷിഫ്റ്ററുകളും ലഭ്യമാണ്.

2021 സോണറ്റിൽ ഫീച്ചേഴ്‌സുകളിലാണ് മാറ്റങ്ങളേറെയും വന്നിട്ടുള്ളത്. മുമ്പ് ഉയർന്ന വേരിയന്റുകളിൽ മാത്രമുണ്ടായിരുന്ന പല ഫീച്ചേഴ്‌സുകളും ഇപ്പോൾ താഴ്ന്ന വേരിയന്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടി ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, സൺറൂഫ്, സ്മാർട്ട്‌ കീ, റിമോട്ട് എൻജിൻ സ്റ്റാർട്ട്‌ തുടങ്ങിയവയാണവ. പിൻസീറ്റ് യാത്രികരുടെ സൗകര്യാർത്ഥം പിൻ വിൻഡോകൾക്ക് സൺ ഷേയ്ഡ് കർട്ടണുകളും നൽകിയിട്ടുണ്ട്.

ഇവക്കെല്ലാം പുറമെ ഇ.എസ്.പി, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക്‌ അസ്സിസ്റ്റ്‌, ഹിൽ അസ്സിസ്റ്റ്‌ പോലുള്ള സുരക്ഷാ സംവിധാനങ്ങളും താഴ്ന്ന വേരിയന്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഡ്രൈവ് :

ആകെ മൂന്ന് എൻജിനുകൾ – 1 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ. ഇതിൽ 1 ലിറ്റർ-7 സ്പീഡ് ഡി.സി.ടി വേരിയൻറാണ് ഞങ്ങൾ ഡ്രൈവ് ചെയ്തത്. hyundai venue വിലെ അതേ എൻജിനാണിത്. 3 സിലിണ്ടറാണെങ്കിലും നിശബ്ദനാണ്. 120 പിഎസ് കരുത്തും 172 എൻഎം ടോർക്കുമുള്ള ഈ എൻജിൻ ലോ-റേഞ്ചിലും ഹൈവേയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഒരുക്കിയിട്ടുണ്ട്. സ്‌പോർട് മോഡിൽ അതീവ രസകരമാണ് ഡ്രൈവിംഗ്. സ്റ്റബിലിറ്റിയാണ് സോണറ്റിൻെറ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പിൻനിരയിലെ ഷോൾഡർ സ്പേസ് ശരാശരി മാത്രമാണ്.

വിലയിരുത്തൽ:
ഉയർന്ന റൈഡ് ക്വാളിറ്റി, എടുപ്പുള്ള ഡിസൈൻ, ധാരാളം ഫീച്ചേഴ്‌സുകൾ, നിലവാരമുള്ള ഇന്റീരിയർ, ഇതിനോടൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും-ഇതൊക്കെയാണ് kia sonet.

വില: 7.9 – 15.9 ലക്ഷം (ഓൺ-റോഡ്)

വാഹനം ബുക്ക്​ ചെയ്യാൻ: kia motors

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!